ന്യൂഡൽഹി: കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകർക്കും ബൂസ്റ്റർ ഡോസ് (മുൻകരുതൽ ഡോസ്) ജനുവരി 10 മുതൽ വാക്സിൻ നൽകി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതൽ 12 മാസത്തെ ഇടവേളയാണ് സർക്കാർ നിർദേശിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് ലഭ്യമാക്കി കൊണ്ടിരിക്കുന്ന കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകളുടെ ഇടവേളകൾ പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബൂസ്റ്റർ ഡോസിന് അർഹരായിട്ടുള്ള ഭൂരിപക്ഷം പേരും രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ഇതിനോടകം ഒമ്പത് മാസം പിന്നിട്ടിട്ടുണ്ട്.
ജനുവരി മൂന്ന് മുതൽ 18 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കും വാക്സിൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. നിലവിൽ രാജ്യത്ത് മുതിർന്ന ജനസംഖ്യയുടെ 61 ശതമാനത്തോളം പേരാണ് രണ്ടും ഡോസ് വാക്സിനും സ്വീകരിച്ചിട്ടുള്ളത്. 90 ശതമാനത്തോളം പേർ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.
എന്താണ് ബൂസ്റ്റർ ഡോസ്
കോവിഡിനെതിരെയുള്ള വാക്സിൻ സാധാരണ നിലക്ക് രണ്ടു ഡോസുകൾ അടങ്ങിയതാണ്. എന്നാൽ പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തോടെ, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് ബൂസ്റ്ററായി പ്രവർത്തിക്കുന്ന ഒരു മൂന്നാം ഡോസിന്റെ ആവശ്യകത ലോകമെമ്പാടും അനുഭവപ്പെടുന്ന നിലയുണ്ടായി.
നിരവധി രാജ്യങ്ങൾ ഇതിനോടകം മൂന്നാം ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ രണ്ട് ഡോസിൽ അധികമായി നൽകുന്നതിനെ സാധാരണയായി ബൂസ്റ്റർ ഡോസ് എന്നാണ് വിളിക്കുന്നത്. എന്നാൽ ഇന്ത്യയിൽ മൂന്നാം ഡോസ് പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി മോദി ഈ പദം ഉപയോഗിച്ചില്ല. പകരം മുൻകരുതൽ ഡോസ് എന്നാണ് പരാമർശിച്ചത്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് മുൻകരുതൽ ഡോസും കുട്ടികൾക്കുള്ള വാക്സിനും പ്രഖ്യാപിച്ചത്.