കൊച്ചി: സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ പഴയകാലത്തിന്റെ സ്മരണയുയര്‍ത്തി ഭക്ഷണശാലയോട് ചേര്‍ന്ന് ഓലമേഞ്ഞ നാടന്‍ ചായക്കടയും തട്ടുകടയും. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. കുപ്പിഭരണികളില്‍ നാരങ്ങ, കടല, ഗ്യാസ്, ഇഞ്ചി, പ്യാരീസ് മിഠായികളും പാട്ടുകേള്‍ക്കാന്‍ വാല്‍വ് റേഡിയോയും വെച്ചിട്ടുണ്ട്. ചായ തിളപ്പിക്കുന്നത് സമോവറിലാണ്. പഴക്കുലയും തൂക്കിയിട്ടുണ്ട്.
പഴയ സിനിമാപോസ്റ്ററുകള്‍ പെട്ടിക്കടയ്ക്കു മുന്നില്‍ ഒട്ടിച്ചു വെച്ചത് പഴയകാല നാട്ടിന്‍ പുറത്തെ ഓര്‍മ്മിപ്പിക്കുന്നു. പ്രതിനിധികള്‍ക്ക് ആവശ്യമുള്ളത് എടുക്കാം കഴിക്കാം. ഭക്ഷണമുണ്ടാക്കാന്‍ ആവശ്യമായ പച്ചക്കറികളും മറ്റ് സാധനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് എത്തിച്ചു നല്‍കുന്നത്. എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ കൃഷിചെയ്ത പച്ചക്കറികളാണ് എത്തിക്കുന്നതില്‍ ഏറെയും.
സമ്മേളന വേദിയില്‍ നിന്ന് പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ വെള്ളം വിതരണം ചെയ്യുന്നത് കോര്‍ക്ക് അടപ്പുള്ള ചില്ലുകുപ്പികളില്‍ ആണ്. സമ്മേളന പ്രതിനിധികള്‍ നഗരത്തില്‍ തന്നെയുള്ള 11 ഹോട്ടലുകളിലാണ് താമസിക്കുന്നത്. അവിടെ ഉറക്കം മാത്രം, ഭക്ഷണം പൂര്‍ണമായും സമ്മേളന വേദിയില്‍ നിന്നു തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
നല്‍കുന്ന വിഭവങ്ങള്‍ ഇങ്ങനെ;
രാവിലെ ദോശ, ഇഡ്ഡലി, ചട്നി, സാമ്പാര്‍ അപ്പം, മുട്ടക്കറി… ഉച്ചയ്ക്ക് ചോറും കറിയും ബിരിയാണി മീന്‍ വറുത്തത്, ചിക്കന്‍ കറി…… രാത്രി കഞ്ഞിയും പയറും പപ്പടവും ചപ്പാത്തിയും കറിയും പാനീയങ്ങള്‍…… കട്ടന്‍ ചായ, കല്ലുസോഡ കടികള്‍……….. പരിപ്പുവട, പഴംപൊരി സുഖിയന്‍