25.4 C
Kottayam
Friday, May 17, 2024

അലക്സിന് നന്ദി: നവജാത ശിശുവിനെ കണ്ടെത്താൻ തുണയായത് ടാക്സി ഡ്രൈവറുടെ ജാഗ്രത

Must read

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതിൽ നിർണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടൽ. തട്ടിയെടുത്ത കുഞ്ഞുമായി ന​ഗരത്തിലെ ഹോട്ടലിൽ എത്തിയ യുവതി ഇവിടെ നിന്നും ടാക്സി വിളിച്ച് കൊച്ചിയിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്. ഇവർക്കൊപ്പം ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. 

കുഞ്ഞുമായി ഹോട്ടലിൽ എത്തിയ യുവതി റിസപ്ഷനിലേക്ക് വിളിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകാൻ ഒരു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുട‍ർന്ന് ഹോട്ടൽ ജീവനക്കാർ സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നും അലക്സ് എന്നയാളുടെ ടാക്സി വിളിച്ചു വരുത്തി. അമൃതയിലേക്കാണ് യാത്രയെന്നും ഒരുനവജാത ശിശുവിനെ കൊണ്ടു പോകാനാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു നവജാത ശിശുവിനെ കാണാതായിട്ടുണ്ടെന്ന വിവരം അലക്സ് ഇവരെ അറിയിച്ചു. 

തുട‍ർന്ന് അലക്സ് ഹോട്ടൽ മാനേജറേയും മാനേജർ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.  വിവരം ലഭിച്ചയുടൻ ഹോട്ടലിൽ എത്തിയ പൊലീസ് സംഘം കുഞ്ഞിനെ വീണ്ടെടുക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുട‍ർന്ന് ​ഗാന്ധിന​ഗർ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. കളമശ്ശേരി സ്വദേശിനിയായ നീതു (23 വയസ്സ്) ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇവരെ കോട്ടയം എസ്.പി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്യുകയാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. 

അലക്സിൻ്റെ വാക്കുകൾ – 

ഹോട്ടലിൽ നിന്നും സ്റ്റാൻഡിലേക്ക് വിളി വന്നത് അനുസരിച്ചാണ് ഞാൻ ചെന്നത്. ചെന്നപ്പോൾ തന്നെ റിസപ്ഷനിൽ ആളോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചു. താമസക്കാർക്ക് പോകേണ്ടത് അമൃതയിലേക്ക് ആണെന്ന് പറഞ്ഞു. ആരാണ് യാത്രക്കാർ എന്നു ചോദിച്ചപ്പോൾ ഒരു കുഞ്ഞിനേയും കൊണ്ടു പോകാനാണെന്ന് പറഞ്ഞു. അന്നേരം ആണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരു കുഞ്ഞിനെ മിസ്സായ വിവരം ഞാൻ അവരോട് പറ‍ഞ്ഞത്. കൂടുതൽ ചോദിച്ചതിൽ തടിച്ച ഒരു സ്ത്രീയാണ് ടാക്സി ആവശ്യപ്പെട്ടതെന്നും കൂടെ ഒരു ആൺകുട്ടിയും ഉണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. യുവതിയുടെ കൈയ്യിലുള്ളത് ഒരു നവജാത ശിശുവാണെന്നും റിസപ്ഷനിലുണ്ടായിരുന്ന  പെൺകുട്ടി എന്നോട് പറഞ്ഞു. ആശുപത്രിയിൽ നിന്നും കാണാതായ കുട്ടി തന്നെയാണ് ഇതെന്ന് എനിക്ക് സംശയം തോന്നി. അപ്പോൾ തന്നെ വിവരം ഹോട്ടൽ മാനേജറെ അറിയിച്ചു. അദ്ദേഹം പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തിയതോടെ കുഞ്ഞ് ഇതു തന്നെയാണെന്ന് ഉറപ്പായി.  

അതേസമയം കളമശ്ശേരിയിലെ ഒരു ഫ്ലാറ്റിലാണ് താൻ താമസിക്കുന്നത് എന്നാണ് യുവതി പറയുന്നതെന്നും ഇവർ പറയുന്നത് മൊത്തം കള്ളമാണെന്നാണ് പ്രാഥമിക നി​ഗമനമെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. യുവതി ഒറ്റയ്ക്കാണ് ഇത് ചെയ്യുന്നത് എന്ന് കരുതുന്നില്ലെന്നും പിന്നിൽ റാക്കറ്റുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. 

ആശുപത്രി സൂപ്രണ്ടിൻ്റെ വാക്കുകൾ – 

മൂന്ന് മാസം മുൻപ് കോട്ടയം ‍ഡെൻ്റൽ കോളേജിൽ ഡെൻ്റിസ്റ്റ് എന്ന വ്യാജേന വന്ന സ്ത്രീ ഇവ‍ർ തന്നെയാണെന്ന് ഞങ്ങൾ സംശയിക്കുന്നു. ആശുപത്രിയുടെ പ്രവ‍ർത്തന രീതികളെക്കുറിച്ച് ഇവർക്ക് നല്ല ബോധ്യമുണ്ട്. ആശുപത്രി ജീവനക്കാരിയാണ് എന്ന വിശ്വസിപ്പിക്കുന്ന രീതിയിലാണ് അവർ കുഞ്ഞിൻ്റെ അമ്മയുമായി ഇടപെട്ടത്. കുഞ്ഞിൻ്റെ മഞ്ഞയുടെ പ്രശ്നമുണ്ടെന്നും എൻഐസിയുവിൽ കാണിക്കണമെന്നും പറഞ്ഞാണ് ഇവർ കുഞ്ഞിനെ കൊണ്ടു പോയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week