കോഴിക്കോട്: താമരശേരിയില്‍ ഉദ്യോഗസ്ഥ ദമ്പതികളുള്‍പ്പെടെ ആറ് പേര്‍ മരിച്ച സംഭവത്തില്‍ ഇന്ന് ശവക്കല്ലറ തുറന്ന് ഫൊറന്‍സിക് പരിശോധന നടത്തും. മരണത്തിലേക്ക് നയിച്ച അസുഖങ്ങളിലെ സമാനതകളില്‍ ഉണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആറ് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഫൊറന്‍സിക് പരിശോധനയ്‌ക്കൊരുങ്ങുന്നത്. രാവിലെ തന്നെ ക്രൈംബ്രാഞ്ച് സംഘം പള്ളിയിലെത്തി ശവക്കല്ലറ തുറക്കും. കല്ലറ തുറന്ന് നല്‍കണമെന്ന് കൂടത്തായി, കോടഞ്ചേരി പള്ളി അധികൃതരോട് ക്രൈബ്രാഞ്ച് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. 2002 മുതലാണ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ താമരശ്ശേരി കൂടത്തായി പൊന്നമറ്റം കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്.
പൊന്നമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, ബന്ധുവായ സിലി ഇവരുടെ ഒമ്പത് മാസം പ്രായമായ കുഞ്ഞുമാണ് ദൂരുഹസാഹചര്യത്തില്‍ മരിച്ചത്. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മരിച്ച റോയിയുടെ മൃതദേഹം ആറ് വര്‍ഷം മുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ന് കല്ലറ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനച്ചിരിക്കുന്നത്.