തിരുവനന്തപുരം:ലൈവിലെത്തി തക്കല നുറൂല്‍ ഇസ്ലാം കോളേജിലെ വിദ്യാഭ്യാസ തട്ടിപ്പിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണിയെന്ന് പരാതി. ഭീഷണിയേത്തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികള്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി.
മെഡിക്കല്‍ കോഴ്സെന്ന പേരില്‍ ബിഎസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, കാര്‍ഡിയാക് കെയര്‍ ടെക്നോളജി, റെനല്‍ ഡയാലിസിസ് ടെക്നോളജി എന്നീ വിഭാഗങ്ങളില്‍ പ്രവേശനം നല്‍കി പറ്റിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരിക്കുന്നത്. രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കോളജ് അധികൃതരെ സമീപിച്ചപ്പോള്‍ പ്രശ്നപരിഹാരത്തിനായി സമയം ആവശ്യപ്പെടുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുനിന്നുള്ള ഒരു സംഘം ഹോസ്റ്റലില്‍ എത്തി പണം വാഗ്ദാനം ചെയ്തെന്നും വഴങ്ങാതിരുന്നപ്പോള്‍ വധഭീഷണി മുഴക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളജ് അധികൃതരില്‍ നിന്ന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.