പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ മര്‍ദ്ദിച്ച ബാലന്‍ മരിച്ചു

ബംഗളൂരു: പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ മര്‍ദനമേറ്റ ബാലന്‍ മരിച്ചു. കര്‍ണാടകയിലെ ഹാവേരിയിലാണ് സംഭവം. ഹരീഷയ്യ(10)എന്ന ബാലനാണ് മരിച്ചത്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി മരിച്ചത്. മാര്‍ച്ച് 16നാണ് സംഭവം.

പച്ചക്കറി വാങ്ങാനെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ശിവരുദ്രപ്പയും കുടുംബവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിന് കൊണ്ടുവന്ന കല്ല് കുട്ടിയുടെ മുതുകില്‍ കെട്ടിവച്ചു.

മകനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവിനെയും ഇവര്‍ അടുപ്പിച്ചില്ല. പിന്നാലെ അമ്മയെത്തി ബഹളം വച്ചപ്പോള്‍ കടയുടമയും കുടുംബവും ഇവരെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം കുട്ടിയെ വിട്ടുകൊടുക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഒരാഴ്ചയ്ക്കു ശേഷം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ പോലീസിനെതിരെയും ആരോപണമുയരുന്നുണ്ട്. പരാതി നല്‍കിയെങ്കിലും കുട്ടിയുടെ മരണത്തിന് ശേഷമാണ് പോലീസ് കേസെടുക്കാന്‍ തയാറായതെന്ന് പിതാവ് ആരോപിച്ചു. കേസന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. ശിവരുദ്രപ്പയും കുടുംബവും ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News