26.9 C
Kottayam
Sunday, April 28, 2024

തെലങ്കാന സർക്കാരിന് തിരിച്ചടി; പൂര്‍ണതോതില്‍ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് ഹൈക്കോടതി

Must read

ഹൈദരാബാദ്: റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച തെലങ്കാന സർക്കാരിന് തിരിച്ചടി. കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ച് പൂർണതോതിൽത്തന്നെ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് കർശന നിർദേശം നൽകി തെലങ്കാന ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

പരേഡും ഗാർഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. നേരത്തേ രാജ്ഭവനിൽ പതാകയുയർത്തൽ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ചെറുപരിപാടികൾ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസർക്കാർ അറിയിച്ചിരുന്നത്.

പരിപാടി നടത്തുന്നുണ്ടോ ഇല്ലയോ എന്നതിൽ അറിയിപ്പെങ്കിലും തരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ നേരത്തേ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന് ഔദ്യോഗികമായി സർക്കാർ മറുപടി നൽകിയിട്ടില്ല. എന്നാൽ അവസാനനിമിഷം പരേഡ് നടത്തണമെന്ന കോടതി ഉത്തരവിൽ സർവത്ര ആശയക്കുഴപ്പം പ്രകടമാണ്.

പരേഡിന് തയ്യാറാവുകയോ ഗവർണറുടെ സന്ദേശം തയ്യാറാക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ അവസാനനിമിഷം കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നതിൽ അവ്യക്തതയുണ്ട്. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിലാണ് സാധാരണ തെലങ്കാനയിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടക്കാറ്.

എന്നാൽ കഴിഞ്ഞ തവണയും കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സർക്കാർ റിപ്പബ്ലിക് ദിനപരിപാടികൾ വെട്ടിച്ചുരുക്കിയിരുന്നു. തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളിൽ വെവ്വേറെയായാണ് പതാക ഉയർത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week