ന്യൂഡൽഹി: ജോലിക്ക് ഭൂമി കോഴ ആരോപണക്കേസിൽ ചോദ്യം ചെയ്യാനായി ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നിലെത്തി. രാവിലെ 10.30ഓടു കൂടിയാണ് തേജസ്വി സിബിഐ ഓഫീസിലെത്തിയത്. ഹാജരാവാനുള്ള മൂന്നു തിയ്യതികളും ഒഴിവാക്കി നാലാമത്തെ തിയ്യതിക്കാണ് തേജസ്വി ചോദ്യം ചെയ്യലിനെത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സിബിഐ ഹെഡ്ക്വാർട്ടേഴ്സിൽ രാവിലെ എത്തിയ തേജസ്വി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ ഡോക്യുമെൻ്റ്സോടുകൂടിയാണ് എത്തിയത്.ഫെബ്രുവരി 28, മാർച്ച് 4,11 തിയ്യതികളിൽ തേജസ്വിയാദവിനോട് ചോദ്യം ചെയ്യലിന് എത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ മൂന്ന് തിയ്യതികൾക്കു ശേഷമാണ് ഇന്ന് തേജസ്വി എത്തിയത്.
കേസിൽ തേജസ്വി യാദവിനോട് മാർച്ച് 25ന് സിബിഐക്ക് മുമ്പിൽ ഹാജരാവണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം തന്നെ സിബിഐക്ക് മുന്നിൽ ഹാജരാവണമെന്നും അതുവരെ സിബിഐ അറസ്റ്റ് ചെയ്യില്ലെന്നും സിബിഐ അഭിഭാഷകൻ ഡി പി സിങ് കോടതിയിൽ അറിയിച്ചിരുന്നു.
ഈ മാസം 25ന് തേജസ്വി ഹാജരാവുമെന്ന് അഭിഭാഷകനും കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ആരോപണങ്ങൾ തന്റെ പിതാവായ ലാലുപ്രസാദ് യാദവിനും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെയാണ്. അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന കാലത്ത് തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തേജസ്വിയാദവ് ഹർജിയിൽ പറഞ്ഞിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നും കോടതിയുടെ ഉത്തരവ്.
2004 – 09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലുവും കുടുംബവും അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം. ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു.
മിസ ഭാരതിയുടെ വസതിയില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സിബിഐ പരിഗണിച്ചിരുന്നില്ല. പ്രതികാര നടപടിയുടെ ഭാഗമായ കേസിന്‍റെ പേരിൽ തന്‍റെ കുടുംബത്തെ ബിജെപി ഉപദ്രവിക്കുകയാണെന്നാണ് തേജ്വസിയുടെ വീട്ടിലെ റെയ്ഡിന് പിന്നാലെ ലാലുപ്രസാദ് ആരോപിച്ചിരുന്നു.