കൊച്ചി:എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ഇതേ തുടര്‍ന്ന് വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിധി തിരിച്ചടിയായേക്കും. എയ്ഡഡ് അധ്യാപകര്‍ക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജോലി രാജിവയ്‌ക്കേണ്ടിവരും.
എയിഡഡ് അധ്യാപകര്‍ക്ക് രാഷ്ട്രീയ അവകാശങ്ങളുള്ളതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതില്‍ തടസമില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയ്ക്ക് നല്‍കിയ വിശദീകരണം.കേരള വിദ്യാഭ്യാച ചട്ടങ്ങളനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരായി തെരഞ്ഞെടുക്കപ്പെടുന്ന എയിഡഡ് അധ്യാപകര്‍ക്ക് പ്രത്യേക അവധിയെടുക്കുന്നതിനും അവകാശമുണ്ടായിരുന്നു.ഇത്തരം അവധികള്‍ ശമ്പളവര്‍ദ്ധനവിനെയും സ്ഥാനക്കയറ്റത്തെയും ബാധിയ്ക്കുകയുമില്ലായിരുന്നു.ഇതിനോടൊപ്പം തദ്ദേശഭരണ പ്രതിനിധികള്‍ക്ക് ഒരു വര്‍ഷത്തില്‍ 20 അവധികളും പ്രത്യേകം അനുവദിച്ചിരുന്നു.നിയമസഭാ അംഗങ്ങളായ അധ്യാപകര്‍ക്ക് സഭാ സമ്മേളന കാലയളവുകളില്‍ പൂര്‍ണ്ണ അവധിയ്ക്കും അര്‍ഹതയുണ്ടായിരുന്നു.