പഠനയാത്രക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകന്‍ പിടിയില്‍

ബാലുശേരി: പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബാലുശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സൂദാ മന്‍സിലില്‍ സിയാദിനെയാണ് (45) വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഊട്ടിയിലേക്ക് പഠനയാത്ര പോയപ്പോഴാണ് സംഭവം.

തിരിച്ചെത്തിയ ശേഷം പ്രിന്‍സിപ്പലിനോട് വിദ്യാര്‍ഥിനി പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. അതിനാല്‍ പ്രിന്‍സിപ്പലിനും പീഡനത്തിനു കൂട്ടു നിന്നെന്ന പരാതിയില്‍ മറ്റൊരു അധ്യാപകനെതിരെയും പോലീസ് കേസെടുത്തു. പരാതിയില്‍ നടപടിയില്ലാത്തത് അന്വേഷിക്കാന്‍ വിദ്യാര്‍ഥിനിയുടെ ബന്ധു സ്‌കൂളിലെത്തിയപ്പോള്‍ പ്രതികളായ അധ്യാപകരുമായി വാക്കേറ്റം നടന്നിരുന്നതായി പോലീസ് പറഞ്ഞു.

വിദ്യാര്‍ഥിനിയുടെ ബന്ധു മര്‍ദിച്ചെന്നാരോപിച്ച് ഇപ്പോള്‍ ഒളിവിലുള്ള അധ്യാപകന്‍ പരാതിയും നല്‍കിയിരുന്നു. ഈ പരാതിയില്‍ വിദ്യാര്‍ഥിനിയുടെ ബന്ധുവിനെതിരെയും പോലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെ കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനി പോലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. എസ്എച്ച്ഒ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്‌ഐമാരായ പി.പ്രജീഷ്, എം.മധു എന്നിവര്‍ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയാണ് സിയാദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News