നാസിക്: പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) നാസിക് ശാഖയെ കേന്ദ്രീകരിച്ച് നടന്നുവന്ന വന്‍ ലൈംഗിക പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ‘കോര്‍പ്പറേറ്റ് പ്രണയ ചതി’ എന്നാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകന്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ നാസിക് സിറ്റി പോലീസ് ആരംഭിച്ച നിഗൂഢമായ അന്വേഷണമാണ് വന്‍ റാക്കറ്റിനെ പുറത്തുകൊണ്ടുവന്നത്. കമ്പനിയിലെ ഒരു ഹൈന്ദവ യുവതി റംസാന്‍ നോമ്പ് എടുക്കുന്നതായും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നതായും വിവരം ലഭിച്ചതോടെ പോലീസ് സംഘം കമ്പനിയില്‍ രഹസ്യ നിരീക്ഷണം ആരംഭിക്കുകയായിരുന്നു.
പോലീസിലെ നാല് ഉദ്യോഗസ്ഥര്‍ ശുചീകരണ തൊഴിലാളികളായി വേഷം മാറി രണ്ടാഴ്ചയോളം ടി.സി.എസ് ഓഫിസിനുള്ളില്‍ ജോലി ചെയ്തു. ഈ നിരീക്ഷണത്തിനൊടുവിലാണ് കമ്പനിക്കുള്ളില്‍ ടീം ലീഡര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍ പുറംലോകമറിഞ്ഞത്. പീഡനം, ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ഇതിനോടകം ഒന്‍പത് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മതപരിവര്‍ത്തനത്തിന് പിന്നില്‍ അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. മലേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇര്‍മാന്‍ എന്ന മതപ്രഭാഷകനെ വീഡിയോ കോളുകള്‍ വഴി ഇരകളായ യുവതികള്‍ക്ക് പരിചയപ്പെടുത്തിയതായി വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിനായി വിദേശത്തുനിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു.
അറസ്റ്റിലായവരില്‍ ആസിഫ് അന്‍സാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമന്‍, തൗസിഫ് അത്താര്‍ എന്നിവരുണ്ട്. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന എച്ച്.ആര്‍ മാനേജര്‍ നിദ ഖാന്‍ ഒളിവിലാണ്. യുവതികളെ നിയമിക്കുന്നതിലും അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും നിദയ്ക്ക് വലിയ പങ്കുണ്ടെന്ന് പോലീസ് കരുതുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
18-നും 25-നും ഇടയില്‍ പ്രായമുള്ള, പ്രതിമാസം 18,000 മുതല്‍ 25,000 രൂപ വരെ ശമ്പളം വാങ്ങുന്ന യുവതികളാണ് ക്രൂരതയ്ക്ക് ഇരയായത്. ദരിദ്ര സാഹചര്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തൊഴില്‍പരമായ സമ്മര്‍ദ്ദം ചെലുത്തിയും സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്തുമാണ് പീഡനത്തിന് ഇരയാക്കിയതെന്ന് എ.സി.പി സന്ദീപ് മിട്‌കെ പറഞ്ഞു. വഴങ്ങാത്തവര്‍ക്ക് ജോലിഭാരം വര്‍ദ്ധിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.
ആദ്യത്തെ കേസ് ഡാനിഷ് ഷെയ്ഖ് എന്ന ഉദ്യോഗസ്ഥനെതിരെയാണ്. താന്‍ വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച് യുവതിയുമായി പ്രണയത്തിലാവുകയും പിന്നീട് മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. ഇയാളുടെ ഭാര്യ തന്നെ യുവതിയെ വിളിച്ച് സത്യാവസ്ഥ വെളിപ്പെടുത്തിയതോടെയാണ് പരാതി നല്‍കാന്‍ യുവതി തയ്യാറായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റ് എട്ട് യുവതികള്‍ കൂടി സമാനമായ പരാതിയുമായി രംഗത്തെത്തി.
സംഭവം അതീവ ഗൗരവതരമാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ഹരാസ്‌മെന്റിനോടും മതപരമായ നിര്‍ബന്ധങ്ങള്‍ക്കും എതിരെ തങ്ങള്‍ക്ക് സീറോ ടോളറന്‍സ് നയമാണുള്ളതെന്ന് ടി.സി.എസ് പ്രസ്താവനയില്‍ പറഞ്ഞു. കുറ്റാരോപിതരായ എല്ലാ ജീവനക്കാരെയും കമ്പനി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കമ്പനിയുടെ ആഭ്യന്തര അന്വേഷണ വിഭാഗം പ്രത്യേക പരിശോധനയും ആരംഭിച്ചു.
അതിനിടെ, സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ ആരോപിച്ചു. തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും ബി.ജെ.പി നേതാക്കള്‍ ഐ.ടി മേഖലയിലെ സുരക്ഷയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. ഇരകളുടെ എണ്ണം 50 കടക്കാന്‍ സാധ്യതയുണ്ടെന്ന് ബി.ജെ.പി ലീഗല്‍ സെല്‍ അറിയിച്ചു. ടി.സി.എസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ഇത്രയും കാലം ഇത്തരമൊരു മാഫിയ പ്രവര്‍ത്തിച്ചിട്ടും അധികൃതര്‍ അറിഞ്ഞില്ല എന്നത് ഞെട്ടിക്കുന്നതാണെന്ന് ശിവസേന (യു.ബി.ടി) നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. ഒരു ഹൈന്ദവ സഹപ്രവര്‍ത്തക മുസ്ലിം വേഷം ധരിച്ചുനില്‍ക്കുന്ന ചിത്രം പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ പലരും പുറത്തുപറയാന്‍ മടിക്കുകയായിരുന്നു. എച്ച്.ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതാണ് പോലീസിനെ സമീപിക്കാന്‍ ഇരകളെ പ്രേരിപ്പിച്ചത്.
കോര്‍പ്പറേറ്റ് ലോകത്തെ സുരക്ഷാ സംവിധാനങ്ങളെയും ആഭ്യന്തര പരാതി പരിഹാര സെല്ലുകളെയും സംശയത്തിന്റെ നിഴലിലാക്കുന്നതാണ് നാസിക്കിലെ സംഭവം. ഉന്നത ബിരുദധാരികളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ഒരു ഓഫീസില്‍ മതപരിവര്‍ത്തനവും ലൈംഗിക ചൂഷണവും ഒളിപ്പോരുപോലെ നടന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. അന്വേഷണം വരുംദിവസങ്ങളില്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങാനാണ് സാധ്യത.
A shocking sexual exploitation and forced conversion racket was unearthed at the TCS Nashik branch. Seven employees, including top officials, were arrested following a secret police operation where officers worked undercover as cleaning staff. The racket targeted young women from poor backgrounds, using job pressure and promotion offers for exploitation and conversion. International links and foreign funding are suspected, while the HR manager remains at large


