നെടുമ്പാശ്ശേരി: മലയാള സിനിമാ മേഖലയിലെ യുവതാരങ്ങള്‍ക്കും ഷൂട്ടിംഗ് സെറ്റുകള്‍ക്കും ലഹരി എത്തിച്ചുനല്‍കുന്ന ‘ഡ്രഗ് ലേഡി’ എന്നറിയപ്പെടുന്ന റിന്‍സി മുംതാസ് (32) വീണ്ടും അഴിക്കുള്ളിലാകുമ്പോള്‍ അന്വേഷണത്തില്‍ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ ഹോട്ടലില്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പന നടത്തുന്നതിനിടെയാണ് യുവതി ഉള്‍പ്പെടെ നാലംഗ സംഘത്തെ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നെടുമ്പാശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.
കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിന്‍സി മുംതാസിനൊപ്പം ചെങ്ങമനാട് പെരിക്കാട്ടില്‍ അഭിജിത്ത് പുരുഷോത്തമന്‍ (24), നൂറനാട് ആദിക്കാട്ടുകുളങ്ങര കണ്ടീലേത്ത് ഷെല്‍ജുക്ക് (36), തൃക്കാക്കര രായമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരിലൊരാളായ മുഹമ്മദ് റിഷാദില്‍ നിന്ന് 3.58 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. ഒരാഴ്ച മുമ്പായിരുന്നു അറസ്റ്റ്. തുടരന്വേഷണത്തില്‍ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. കൊച്ചിയിലെ ലഹരി മാഫിയ അതിശക്തമാണെന്ന് തെളിയിക്കുന്നതാണ് ഇത്.
കരിയാട് എയര്‍പോര്‍ട്ട് റോഡിലെ ‘എം.ജെ റെസിഡന്‍സി’ എന്ന ഹോട്ടലില്‍ മുറിയെടുത്ത് ഇവര്‍ ലഹരി വില്‍പന നടത്തുന്നതായി നെടുമ്പാശ്ശേരി സബ് ഇന്‍സ്പെക്ടര്‍ എന്‍. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരമാണ് നിര്‍ണ്ണായകമായത്. തുടര്‍ന്ന് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിലെ മൂന്നാം നിലയിലെ 3ഇ എന്ന മുറിയില്‍ നിന്നാണ് നാലുപേരെയും പിടികൂടിയത്. വസ്ത്രത്തിനുള്ളിലെ പോക്കറ്റില്‍ സിപ്പ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി.
ലഹരി ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ട്യൂബ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ്‌ലഹരി കേസുകളില്‍ സ്ഥിരം കുറ്റവാളിയായ റിന്‍സി മുംതാസ് റിമാന്‍ഡ് കഴിഞ്ഞ് കുറച്ചു കാലം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയില്‍ പ്രശസ്തയായ ഇവര്‍ സിനിമ പ്രമോഷന്‍ പരിപാടികളുടെ മറവിലാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. കൊച്ചിയില്‍ കാക്കനാട്ടെ പാലച്ചുവട്ടിലുള്ള ഫ്‌ലാറ്റില്‍ നിന്ന് മുന്‍പ് 20 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയാലും ലഹരി ഇടപാടുകള്‍ ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല എന്നാണ് പുതിയ അറസ്റ്റ് തെളിയിക്കുന്നത്.
യുവതാരങ്ങള്‍ക്കും സിനിമ സെറ്റുകള്‍ക്കും എം.ഡി.എം.എയും കൊക്കെയ്‌നും എത്തിക്കുന്ന പ്രധാന കണ്ണിയാണ് റിന്‍സിയെന്ന് പോലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ലഹരി മരുന്ന് എത്തിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ മുടക്കിയിരുന്നത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് പരിസരത്തെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്കും മറ്റും ലഹരി എത്തിക്കുക എന്നതായിരുന്നു ഇവരുടെ പുതിയ പദ്ധതിയെന്നാണ് സൂചന.
നെടുമ്പാശ്ശേരി ഇന്‍സ്പെക്ടര്‍ ബി.കെ അരുണ്‍, സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ജയപ്രകാശ്, അജീഷ് കെ. ജോണ്‍, അനൂപ് ടി., വനിതാ എ.എസ്.ഐ നൈജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വിശദ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അതിനിടെ ജാമ്യത്തിനും റിന്‍സി ശ്രമം തുടങ്ങി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും.
സിനിമാ രംഗത്തെ ‘ഡ്രഗ് ലേഡി’യെന്നാണ് റിന്‍സി മുംതാസ് അറിയപ്പെടുന്നത്. എങ്കിലും ലഹരി വില്‍പ്പനയെന്ന തന്റെ ജോലിയോട് വലിയ ആത്മാര്‍ത്ഥതയാണ് റിന്‍സിക്ക്. തന്റെ സിനിമാ രംഗത്തെ ക്ലൈന്‍സിനെ ഒറ്റുകൊടുക്കാന്‍ ആദ്യം അറസ്റ്റിലായപ്പോള്‍ അവര്‍ തയ്യാറായില്ല. റിന്‍സി മുംതാസ് സിനിമാ മേഖലയിലെ കൂടുതല്‍ പേരുമായി അടുപ്പം സൂക്ഷിച്ചിരുന്നയാളെന്ന് വിവരം. സിനിമാ താരങ്ങളും അണിയറപ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍, ഇതൊന്നും ലഹരി വില്‍പ്പനയുടെ പേരിലല്ലെന്നായിരുന്നു അവരുടെ വാദം.
സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിന്‍സി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായാണ് സൂചന. ആദ്യ തവണ അറസ്റ്റിലായപ്പോള്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ലഹരി വിതരണത്തിന്റെ സിനിമാബന്ധങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ റിന്‍സി പോലീസിനേയും ഞെട്ടിച്ചു. അന്ന് 20.55 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ കോഴിക്കോട് ഫെറോക്ക് റിന്‍സിയെയും കൂട്ടാളി കല്ലായി സ്വദേശി യാസര്‍ അറാഫത്തിനെയും തൃക്കാക്കര പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
പ്രമോഷണല്‍ യൂ ട്യൂബര്‍, സിനിമ പി.ആര്‍.ഒ, ഡിജിറ്റല്‍ ക്രിയേറ്റര്‍ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിന്‍സിയ്ക്ക് സിനിമാ മേഖലയിലെ ചില പ്രമുഖരുമായി ലഹരി ഇടപാടുകളുള്ളതായി ഡാന്‍സഫിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ റിന്‍സി ഇത് നിഷേധിച്ചു. ചില സിനിമാ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ വിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതിന് ലഹരിയുമായി ബന്ധമില്ലെന്നും സിനിമാപ്രമോഷനുമായി ബന്ധപ്പെട്ടെന്നുമായിരുന്നു മറുപടി. കാക്കനാട് പാലച്ചുവടിലെ വാടക ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എ യുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന നിലപാടിലാണ് റിന്‍സിയും യാസര്‍ അറാഫത്തും. ഫ്‌ലാറ്റില്‍ നിരവധി സന്ദര്‍ശകര്‍ വരാറുണ്ടെന്നും അവര്‍ വച്ചതാകാമെന്നും ഇവര്‍ പറഞ്ഞിരുന്നു.
നേരത്തെ റിന്‍സിയുടെ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനെയായിരുന്നു ഡാന്‍സാഫ് ലക്ഷ്യമിട്ടത്. എന്നാല്‍, യാസര്‍ അറഫാത്തിനുവേണ്ടി വിരിച്ച വലയില്‍ റിന്‍സിയും പെടുകയായിരുന്നു. യാസറിനൊപ്പം ഫ്ലാറ്റില്‍ റിന്‍സിയും ഉണ്ടായിരുന്നു. തുടര്‍ന്ന് സംഘം റിന്‍സിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. റിന്‍സിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
Rincy Mumtaz, infamously known as the ‘Drug Lady’ of the Malayalam film industry, has been arrested again near Nedumbassery airport for selling MDMA. Rincy, a digital creator and film PRO, allegedly supplied synthetic drugs to young actors and movie sets under the guise of film promotion. Police seized MDMA and drug paraphernalia from her hotel room, marking a significant crackdown on Kochi’s high-profile drug mafia


