തിരുവനന്തപുരം: നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് ശ്രമം. ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും.
വക്കീൽ ഓഫീസ് വഴി മാത്യു കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. മായ്തുവിനെതിരെ വേറെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചിന്നക്കനാലിൽ കെട്ടിടത്തിന് അനുമതി നേടിയെടുത്തതിലും ക്രമക്കേട് നടന്നുവെന്നാണ് പുതിയ ആക്ഷേപം. നിലവിൽ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാൻ അനുമതിക്ക് അപേക്ഷ നൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് കഴിഞ്ഞ ദിവസം മാത്യു കുഴൽനാടനെതിരെ രംഗത്തുവന്നത്. മാത്യു കുഴൽനാടൻ ചിന്നക്കനാലിലെ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയത് നികുതി വെട്ടിച്ചാണ്. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വെട്ടിച്ചു.
ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെ ആക്ഷേപം ഉന്നയിച്ചതുകൊണ്ടല്ല ഇപ്പോള്‍ ഈ വിഷയം ഉന്നയിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റിനെ ഒഴികെ എല്ലാവര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മാത്യു കുഴല്‍നാടന്‍. അതുകൊണ്ട് പുതിയ ആക്ഷേപത്തിനുള്ള മറുപടിയല്ല പരാതിയെന്നും സി എന്‍ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
താൻ നികുതി വെട്ടിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ പ്രതികരിച്ചത്.