26.9 C
Kottayam
Monday, May 6, 2024

ഗോവയിലെ മദ്യനയത്തെക്കുറിച്ച് പഠനം നടത്തണം, അഭിപ്രായം ആരാഞ്ഞ് നികുതി വകുപ്പ്

Must read

തിരുവനന്തപുരം∙ ഗോവയിലെ മദ്യനയത്തെക്കുറിച്ച് പഠനം നടത്തുന്നതിൽ അഭിപ്രായം ആരാഞ്ഞ് നികുതി വകുപ്പ് എക്സൈസിന് കത്തു നൽകി. ഡിസ്റ്റിലറി ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് എക്സൈസിന് കത്തു നൽകിയത്. നികുതി വകുപ്പിന്റെ കത്ത് ലഭിച്ചതായും പഠനവിഷയത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും എക്സൈസ് കമ്മിഷണർ ആർ. ആനന്തകൃഷ്ണൻ പറഞ്ഞു.

പഠനം നടത്താൻ ഗോവയിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സർക്കാർ നയപരമായി തീരുമാനിക്കണം. ഗോവയിലെ പല മാതൃകകളും കേരളത്തിൽ നടപ്പിലാക്കാൻ കഴിയാത്തതിനാൽ സർക്കാർ അനുവാദം നൽകാൻ സാധ്യതയില്ല.

ഗോവയിലെ മദ്യനയം ടൂറിസം രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതാണെന്നാണ് നികുതി വകുപ്പിന്റെ യോഗത്തിൽ ഡിസ്റ്റിലറി പ്രതിനിധികൾ വിശദീകരിച്ചത്. ഗോവയിലെ മദ്യനികുതി, ലൈസന്‍സിങ് സമ്പ്രദായം, പബ്ബുകളുടെയും മറ്റു മദ്യശാലകളുടെയും പ്രവർത്തനരീതി, എൻഫോഴ്സ്മെന്റ് രീതികൾ, ഗോവൻ മദ്യമായ ഫെനിയുടെ വിപണനരീതികൾ അടക്കമുള്ളവ പഠനവിധേയമാക്കണമെന്ന് അഭിപ്രായം ഉയർന്നു. 

മൈക്രോ ബ്രൂവറികളുടെ പ്രവർത്തനരീതികളെക്കുറിച്ചു പഠിക്കാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എക്സൈസ് കമ്മിഷണറെ ബെംഗളൂരുവിലേക്ക് അയച്ചിരുന്നു. കമ്മിഷണർ റിപ്പോർട്ട് നൽകിയെങ്കിലും വിവാദങ്ങളെത്തുടർന്നു നടപ്പിലായില്ല. ബ്രൂവറികൾ സ്ഥാപിക്കാൻ ചില കമ്പനികൾക്കു സർക്കാർ പ്രാഥമിക അനുമതി നൽകിയെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു തീരുമാനം പിൻവലിച്ചു.

ഗോവൻ മാതൃകയിൽ പഴവർഗങ്ങളിൽനിന്നു വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം ആരും അപേക്ഷിച്ചില്ല. പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോൾ അപേക്ഷകർ എത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week