വരാപ്പുഴ: എറണാകുളം, കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപം സി.എൻ.ജി. സിലിൻഡർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും മറിഞ്ഞു. ലോറിയിലെ സിലിൻഡറുകളിൽ ചിലത് പൊട്ടി ഗ്യാസ് ചോർന്നത് ഭീതി പരത്തി. ദേശീയപാത 66-ൽ വെള്ളിയാഴ്ച രാത്രി 9.15-ഓടെയാണ് അപകടം.
എറണാകുളത്തു നിന്ന് സി.എൻ.ജി. സിലിൻഡറുകളുമായി കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം. എതിരേ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ലോറിഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. കാറിലുണ്ടായിരുന്നയാൾക്ക് തലയ്ക്ക് ചെറിയ പരിക്കുണ്ട്. റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
പറവൂർ, ഏലൂർ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വെള്ളം ചീറ്റിച്ച് ഗ്യാസിന്റെ ചോർച്ച നിർത്താൻ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. ലോറി മറിഞ്ഞ് റോഡിനു കുറുകെ കിടക്കുന്നതിനാൽ കൂനമ്മാവ് ചിത്തിര ജങ്ഷനിൽനിന്ന് കൊങ്ങോർപ്പിള്ളി വഴിയും തിരുമുപ്പത്തുനിന്ന് കോട്ടുവള്ളി വഴിയും വാഹനങ്ങൾ തിരിച്ചുവിട്ടാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.