പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് പാലക്കാട് പുഴകളില്‍ കുത്തൊഴുക്ക്. തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയെങ്കിലും ജലവിഭവവകുപ്പ് ജനങ്ങളെ അറിയിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി പുഴകളില്‍ വെള്ളം ഉയര്‍ന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
പാലക്കാടുള്ള ചിറ്റൂര്‍പ്പുഴ, യാക്കരപ്പുഴകളിലാണ് കുത്തൊഴുക്കുണ്ടായത്. ഇതിനെ തുടര്‍ന്ന് ഭാരതപ്പുഴയിലും വെള്ളം ഉയരും. ഡാം തുറക്കുന്നതു സംബന്ധിച്ച് തമിഴ്‌നാട് ജലവിഭവവകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കേണ്ടതെന്നായിരുന്നു ജലവിഭവവകുപ്പിന്റെ വാദം. ദിവസങ്ങളായി തമിഴ്‌നാട്ടില്‍ മഴ തുടരുകയാണ്. തുടര്‍ന്നാണ് ഡാം തുറന്നുവിട്ടത്.
അതേസമയം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുത്. ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറില്‍ പുഴ മുറിച്ച് കടക്കുന്നതും മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടര്‍ തുറന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് ഇപ്പോള്‍ തുറന്നു വിട്ടുന്നത്.