ചെന്നൈ: തമിഴ് സിനിമയിലെ മുന്‍നിര താരമാണ് അജിത്ത്. അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് അപ്പുറം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത താരമാണ് അജിത്ത്. നേരത്തെ തന്നെ തന്‍റെ പേരിലെ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട വ്യക്തിയാണ് അജിത്ത്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിലോ, മറ്റ് പ്രമോഷന്‍ പരിപാടികളിലോ അജിത്ത് പങ്കെടുക്കാറില്ല. അവാര്‍ഡ് നിശകളില്‍ നിന്നും അകലം പാലിക്കും. അതിനാല്‍ തന്നെ തമിഴ് സിനിമയിലെ ജെന്‍റില്‍മാന്‍ എന്നാണ് അജിത്ത് അറിയപ്പെടുന്നത് തന്നെ.
എന്നാല്‍ അജിത്തിന്‍റെ ഈ ജെന്‍റില്‍മാന്‍ മുഖം വെറും മുഖംമൂടിയാണ് എന്ന ഗുരുതര ആരോപണവുമായി മുൻനിര നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്ത് എത്തിയിരിക്കുതയാണ്. അജിത്തിന്‍റെ പെരുമാറ്റം വെറും കാപട്യമാണെന്നും അദ്ദേഹം തന്റെ പക്കൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്നുമാണ് നാരായണന്‍ ആരോപിക്കുന്നത്. വേട്ടയാട് വിളയാട് പോലുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് നാരായണന്‍.
1995ല്‍ ചിത്രത്തില്‍ അഭിനയിക്കാം എന്ന് പറഞ്ഞ് അജിത്ത് 15 ലക്ഷം വാങ്ങി. കുടുംബത്തിന് അത്യവശ്യമാണ് എന്ന് പറഞ്ഞാണ് വാങ്ങിയത്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പിന്മാറിയെന്നും പണം തിരികെ നൽകിയില്ലെന്നും നാരായണൻ പറയുന്നു. അന്ന് ഇതിനെതിരെ രംഗത്ത് വരാന്‍ തന്‍റെ കൈയ്യില്‍ തെളിവൊന്നും ഇല്ലെന്ന് വിജയ് ആദ്യമായി അഭിനയിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ മാണിക്കം നാരായണൻ ആരോപിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ അജിത്തിനെക്കുറിച്ച് പല തെളിവുകളും എന്‍റെ കൈയ്യിലുണ്ട്. അത് സമയം വന്നാല്‍ പുറത്തുവിടും എന്നും നിര്‍മ്മാതാവ് അവകാശപ്പെടുന്നു. അജിത്ത് നല്ലൊരു നടനാണ്. ജീവിതത്തിലും അജിത്ത് അഭിനയിക്കുകയാണ്. അയാള്‍ തട്ടിപ്പുകള്‍ കാണിക്കുന്നുണ്ട്.
ആദ്യം മനുഷ്യനാകാൻ പഠിക്കണം. അജിത്ത് ജെന്‍റില്‍മാന്‍ എന്നാണ് എല്ലാവരും കരുതുന്നത് അത് ശരിയല്ല അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. അജിത്ത് തന്നെക്കുറിച്ച് നല്ലത് എഴുതാന്‍ മാധ്യമപ്രവർത്തകർക്ക് പണം നൽകുന്നുണ്ടെന്നും മാണിക്കം നാരായണൻ ആരോപിക്കുന്നു.