Home-bannerKeralaNews

കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ

ഡൽഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച പരാതിയിൽ നൽകിയ മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചത്. അണക്കെട്ട് മുന്നറിയിപ്പ് നൽകാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് കൃത്യമായ വിവരം നൽകിയിരുന്നുവെന്നും തമിഴ്നാട് വാദിക്കുന്നു.

മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് വാദിക്കുന്നു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും തമിഴ്നാട് നിലപാടറിയിച്ചു.

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ല, ആശങ്കകൾ തമിഴ് നാട് പരിഗണിക്കുന്നില്ല തുടങ്ങിയ പരാതികളാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്.

കേരളത്തിന്‍റെ അപേക്ഷയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ബുധനാഴ്ച പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. കേസ് പരിഗണിച്ച  ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് മറുപടി നൽകാൻ തമിഴ്നാടിന് അനുമതി നൽകുകയായിരുന്നു.

രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടികാണിച്ചിരുന്നു. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്‍റെ നടപടി തടയണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാൻ കേരള തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button