KeralaNationalNewsNews

കേരളത്തിലേയ്ക്കുള്ള ബസ് സര്‍വീസ് പുനഃസ്ഥാപിച്ച് തമിഴ്‌നാട്, കെ.എസ്.ആർ.ടി.സി ബുധനാഴ്ച മുതല്‍

ചെന്നൈ: കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്നാട്. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.തമിഴ്നാട് സർക്കാർ എല്ലാ മാസവും കോവിഡ് അവലോകനം നടത്താറുണ്ട്. ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിൽ ലോക്ഡൗൺ ഡിസംബർ 15 വരെ നീട്ടാനും കൂടുതൽ ഇളവുകൾ നൽകാനും തീരുമാനിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലേക്കുള്ള പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത്.

കോയമ്പത്തൂരിൽനിന്നും കന്യാകുമാരിയിൽനിന്നും മറ്റുമുള്ള ആളുകളാണ് കേരളത്തിലേക്ക് നിത്യേന ബസിൽ പോയി വരുന്നത്. എന്നാൽ കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ, തമിഴ്നാട് കേരളത്തിലേക്കും തിരിച്ചുള്ളതുമായ ബസ് സർവീസുകൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
കേരളത്തിൽ, പാലക്കാട്ടുനിന്നുള്ള നിരവധിപേർക്ക് ഇതേത്തുടർന്ന് വലിയ ബുദ്ധിമുട്ടുണ്ടായി. ഈ യാത്രാപ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരം ഉണ്ടായിരിക്കുന്നത്.

കേരളത്തിലേക്കുള്ള ബസ് സർവീസ് പുനഃരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കെഎസ്ആർടിസി ബുധനാഴ്ച (ഡിസംബർ 1 ) മുതൽ തമിഴ്നാട്ടിലേക്ക് സർവ്വീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവ്വീസുകൾ നിർത്തിവെച്ച ശേഷം കർണാടകത്തിലേക്ക് സർവ്വീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നൽകിയിരുന്നില്ല.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബർ 6 ന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്.
ശബരിമല തീർഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചും ബസ് സർവ്വീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിലവിൽ തമിഴ്നാട് ബസ് സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചത്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി. തമിഴ്നാട്ടിലേക്ക് സർവീസുകൾ ആരംഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button