ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിന് പുറത്ത് 150 ഓളം ആളുകളെ താലിബാൻ തീവ്രവാദികൾ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. ഇവരിൽ ഇന്ത്യാക്കാരാണ് കൂടുതലെന്നും പ്രാദേശികമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല, ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. താലിബാൻകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ചിലരെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോർട്ട്.
85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം കാബൂൾ വിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്ത് 280 ഓളം ഇന്ത്യക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇവരിൽപ്പെട്ടവരെയാണ് തടഞ്ഞുവെച്ചതെന്നാണ് കരുതുന്നത്.
ഇന്ത്യയിലേക്ക് മടങ്ങാൻ എത്തിയ ഇവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നലെ രാത്രി മുതൽ ഇവർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയയിരുന്നു.
കാബൂളിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നാല് ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്.