കാബൂള്‍:അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേര്‍പൂരിലെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാന്‍. താലിബാന്‍ അംഗങ്ങള്‍ ബംഗ്ലാവിനുള്ളിലെ കാഴ്ചകള്‍ കാണുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായ ക്വരി സലാഹുദ്ദീന്‍ അയ്യൂബിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്. ഓഗസ്റ്റ് 15ന് കാബൂള്‍ വീണതിനു പിന്നാലെ 150 പോരാളികളെയാണ് അയ്യൂബി ഇവിടെ വിന്യസിച്ചത്. അഴിമതിയുടെ ഫലമായാണ് ഇത്രയും സമ്പത്ത് ഉണ്ടായതെന്നാണു താലിബാന്റെ ആരോപണം.
ആഡംബരത്തിന്റെ പര്യായമാണ് ഈ ബംഗ്ലാവ്. വലിയ ദീപങ്ങളാല്‍ അലങ്കരിച്ച ഹാളുകളും വിലയേറിയ സോഫകളുമാണു ബംഗ്ലാവിലുള്ളത്. കെട്ടിടത്തിനകത്തുതന്നെ സ്വിമ്മിങ് പൂളുമുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള ജിമ്മും ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളോളം താഴ്‌വരകളിലും പര്‍വതങ്ങളിലും ഒളിച്ചു കഴിഞ്ഞ താലിബാന്‍ അംഗങ്ങള്‍ക്കു പുതിയ അനുഭവമായിരുന്നു ഇതെല്ലാം. എന്നാല്‍ തന്റെ ആളുകള്‍ ആഡംബര സൗകര്യങ്ങള്‍ ഉപയോഗിക്കില്ലെന്നാണു നാലു പ്രവിശ്യകളുടെ സൈനിക കമാന്‍ഡറായ അയൂബി പറയുന്നത്.
ഞങ്ങള്‍ക്ക് ആഡംബര ജീവിതം വേണ്ടെന്നാണ് ഇസ്‌ലാം പറയുന്നത്. അതു മരണശേഷം സ്വര്‍ഗത്തിലാണു ലഭിക്കുക- അയൂബി പറഞ്ഞു. താലിബാന്‍ എത്തിയതോടെ 67 വയസ്സുകാരനായ അബ്ദുല്‍ റഷിദ് ദോസ്തം ഉസ്ബക്കിസ്ഥാനിലേക്കു കടക്കുകയായിരുന്നു. അഴിമതിയിലൂടെ ദോസ്തം വന്‍ തോതില്‍ പണം സമ്പാദിച്ചതായി ആരോപണമുണ്ടായിരുന്നു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അബ്ദുല്‍ റഷീദ് ദോസ്തം. ഈ മേഖലയിലെ പ്രമുഖ വിഭാഗങ്ങളായ ഉസ്‌ബെക്, തുര്‍ക്‌മെന്‍ വിഭാഗത്തിന്റെ അനിഷേധ്യ നേതാവാണ്. അഫ്ഗാനിലെ ഏക വടക്കന്‍ പ്രവിശ്യയായ ബസാക്കും അതിന്റെ തലസ്ഥാനമായ മസാറെ ഷെറീഫും താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് അദ്ദേഹം പലായനം ചെയ്തത്.
പിടിച്ചെടുത്ത കെട്ടിടത്തിന്റെ ഒരു ഭാഗത്തിന്റെ മുകളിലാണ് താലിബാന്‍ അംഗങ്ങള്‍ വിശ്രമിക്കാന്‍ ഉപയോഗിക്കുന്നത്. 2001 ല്‍ രണ്ടായിരത്തിലേറെ താലിബാന്‍ അംഗങ്ങളെ മരുഭൂമിയിലെ ചൂടില്‍ കണ്ടെയ്‌നറുകളിലടച്ച് കൊന്ന സംഭവത്തിനു പിന്നില്‍ ദോസ്തമാണെന്നാണു സംശയിക്കുന്നത്. എന്നാല്‍ ഇതിനു പ്രതികാരം ചെയ്യാനില്ലെന്ന് അയ്യൂബി അറിയിച്ചു. പുതിയ സര്‍ക്കാരിനു കീഴില്‍ ഇത്തരം ആഡംബര കേന്ദ്രങ്ങള്‍ നിര്‍മിക്കില്ലെന്നും അയ്യൂബി പറഞ്ഞു. താലിബാന്‍ പാവങ്ങളുടെ കൂടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാരുണ്ടാക്കിയതിന് പിന്നാലെ പ്രതികാരനടപടികളും താലിബാന്‍ ശക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാൻ്റെ മുൻ വൈസ് പ്രസിഡൻ്റ് അമറുള്ള സലേയുടെ മൂത്ത ജേഷ്ഠൻ റൂഹുള്ള സലേയെ താലിബാൻ വധിച്ചു. റൂഹുള്ള സലേയുടെ കുടുംബത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.