ന്യൂഡൽഹി: താലിബാൻ വാക്കുപാലിച്ചില്ലെന്ന് കേന്ദ്രസർക്കാർ. ധാരണയ്ക്കു വിരുദ്ധമായാണ് താലിബാൻ പ്രവർത്തിക്കുന്നതെന്നും കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ പറഞ്ഞു.
ഇന്നും 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവച്ചു. വിമാനത്താവളത്തിലെത്താൻ ഇവരെ അനുവദിച്ചില്ല. പത്ത് കിലോമീറ്ററിനകത്ത് താലിബാന്റെ 15 ചെക്ക്പോസ്റ്റുകളാണ് ഉള്ളതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ദോഹയിൽ ഉണ്ടാക്കിയ ധാരണയ്ക്കു അനുസൃതമായി ഒരു സർക്കാരാണ് അഫ്ഗാനിൽ വേണ്ടത്. ഇക്കാര്യത്തിൽ ഇന്ത്യ അഫ്ഗാനിലെ ജനങ്ങൾക്കൊപ്പമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളുമാണ് സർവകക്ഷി യോഗത്തിൽ വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്. യോഗം പാർലമെന്റ് മന്ദിരത്തിൽ പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് സർവകക്ഷിയോഗം യോഗം വിളിച്ചത്.
അതേസമയം കാബൂളിൽനിന്ന് 24 ഇന്ത്യക്കാരെയുമായി വ്യോമസേന വിമാനം ഡൽഹിക്ക് പുറപ്പെട്ടിരുന്നു. വിമാനത്തിൽ 11 നേപ്പാൾ പൗരന്മാരും ഉണ്ട്.