കാബൂള്‍:15 വയസിന് മുകളിലുളള പെണ്‍കുട്ടികളുടെയും 45 വയസിന് താഴെയുളള വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മത നേതാക്കളോട് അതതു പ്രദേശത്തെ പെണ്‍കുട്ടികളുടേയും വിധവകളുടേയും പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് താലിബാന്‍ കത്തെഴുതി.
താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് വിവാഹം കഴിക്കാനായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്റെ പേരിലാണ് കത്തെന്ന് സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍, പാകിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും സുപ്രധാന ജില്ലകളും പിടിച്ചെടുത്ത ശേഷമാണ് താലിബാന്‍ പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.
മത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്റെ വടക്കു കിഴക്കന്‍ പ്രദേശമായ ഥാക്കറിലെ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നും പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നും ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം.
തങ്ങളുടെ പെണ്‍മക്കളെ നിര്‍ബന്ധിത വിവാഹത്തിന് ഇരകളാക്കി അടിമകളാക്കാനാണ് താലിബാന്റെ ശ്രമമെന്ന് അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന വ്യക്തികള്‍ പറയുന്നു. ഉച്ചത്തില്‍ സംസാരിക്കാനോ തനിച്ച് പുറത്തിറങ്ങാനോ പോലും കഴിയാതെ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍. 18 വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ ഉടന്‍ വിവാഹം കഴിപ്പിക്കണമെന്ന താലിബാന്‍ തീരുമാനം കമാന്‍ഡര്‍മാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പറയുന്നു.