പാരീസ്: കൊവിഡ് അണുബാധയെ തുടര്‍ന്ന് നഷ്ടപ്പെട്ട മണവും രുചിയും തിരികെ ലഭിക്കാന്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. 2020ന്റെ തുടക്കത്തില്‍ മഹാമാരി ആരംഭിച്ചതു മുതല്‍ കൊവിഡ് അനുബന്ധമായി വരുന്ന അനോസ്മിയ അഥവാ രുചിയും ഗന്ധവും പൂര്‍ണ്ണമായും നഷ്ടപ്പെടല്‍ രോഗത്തിന്റെ പ്രധാന ലക്ഷണമായി ഉയര്‍ന്നുവന്നിരുന്നു.
ഗന്ധം നഷ്ടപ്പെടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇതുവഴി ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍ കഴിയാതെ വരും. മാത്രമല്ല വായുവിലൂടെയുള്ള ചില അപകടങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വരികയും ഇന്ദ്രിയങ്ങളെ ആശ്രയിച്ചുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യും. ഇതിനിടെ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകളില്‍ 97 കൊവിഡ് രോഗികളില്‍ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
കൊവിഡ് രോഗത്തെ തുടര്‍ന്ന് രുചിയും ഗന്ധവും നഷ്ടപ്പെട്ട രോഗികളിലാണ് പഠനം നടത്തിയത്. ഒരു വര്‍ഷം മുഴുവന്‍ നടത്തിയ പഠനത്തില്‍ നാല് മാസത്തിലൊരിക്കല്‍ ഇവരില്‍ സര്‍വേ നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടാണ് ജമാ നെറ്റ്വര്‍ക്ക് ഓപ്പണില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. 97 രോഗികളില്‍ 51 പേരും സര്‍വേകളില്‍ വസ്തുനിഷ്ഠമായ പരിശോധനയ്ക്ക് വിധേയരായിരുന്നു. 51 രോഗികളില്‍ 49 പേരും എട്ട് മാസത്തിനുള്ളില്‍ അവരുടെ രുചിയും ഗന്ധവും പൂര്‍ണ്ണമായി വീണ്ടെടുത്തു. സുഖം പ്രാപിക്കാതിരുന്ന രണ്ട് രോഗികളില്‍ ഒരാള്‍ക്ക് മണം ലഭിച്ചു തുടങ്ങി. മറ്റൊരാള്‍ക്ക് പഠനാവസാനത്തിലും മണം ലഭിച്ചു തുടങ്ങിയില്ല. 46 കോവിഡ് രോഗികള്‍ ഒരു വര്‍ഷത്തിനുശേഷമാണ് സുഖം പ്രാപിച്ചത്.
ആറ് മാസത്തെ പഠനങ്ങളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ 10 ശതമാനത്തിലധികം ആളുകള്‍ 12 മാസത്തിനുള്ളില്‍ മണവും രുചിയും വീണ്ടെടുക്കുന്നതായി കണ്ടെത്തി. ആറുമാസത്തിനുള്ളില്‍ 85.9 ശതമാനം രോഗികള്‍ സുഖം പ്രാപിച്ചതായാണ് മുമ്ബ് കണ്ടെത്തിയത്. കോവിഡ് -19 അനുബന്ധ അനോസ്മിയ പെരിഫറല്‍ വീക്കം മൂലമാകാമെന്നാണ് സൂചനകള്‍. എന്നാല്‍ ഈ അവസ്ഥ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഭേദമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
തലവേദന, ശ്വാസതടസ്സം, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടല്‍, തലകറക്കം, ജലദോഷം, വേദന, മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം, ചൊറിച്ചില്‍, ചെങ്കണ്ണ് എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങള്‍. പുതിയ ചില പഠനങ്ങള്‍ അനുസരിച്ച് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളെയും കോവിഡ് ബാധിക്കും.
കൂടാതെ കുട്ടികളില്‍ അപൂര്‍വ്വ അവസ്ഥയായ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി ലക്ഷണങ്ങള്‍ക്കും കാരണമാകും. ഓര്‍മ്മപ്രശ്‌നങ്ങള്‍, മസ്തിഷ്‌ക വീക്കം, തലച്ചോറില്‍ രക്തം കട്ടപിടിക്കല്‍ എന്നിവയ്ക്കും കാരണമായേക്കാം. ഉത്ക്കണ്ഠ, വിഷാദം എന്നിവ അടക്കം മാനസികാരോഗ്യത്തിനും കോവിഡ് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.