മുംബൈ: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 76 റൺസ് തോൽവിക്കു പിന്നാലെ ഇന്ത്യയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയായി വെസ്റ്റിൻഡീസിന്റെ വമ്പൻ ജയവും. സിംബാബ്‌വെയ്‌ക്കെതിരായ വിൻഡീസിന്റെ 107 റൺസ് വിജയത്തിൽ നെഞ്ചിടിപ്പേറുന്നത് ഇന്ത്യയ്ക്കാണ്. 34 പന്തിൽ 85 റൺസെടുത്ത ഹെറ്റ്മയറുടെ മികവിൽ വിൻഡീസ് 254 റൺസ് അടിച്ചുകൂട്ടിയപ്പോൾ തന്നെ ഇന്ത്യ അപകടം മണത്തിരുന്നു. കാര്യമായ പോരാട്ടം പുറത്തെടുക്കാതെ സിംബാബ്‌വെ മത്സരം തോൽക്കുക കൂടി ചെയ്തതോടെ ഇനി സെമിയിലെത്താൻ ഇന്ത്യ ചില്ലറ കളിയൊന്നും കളിച്ചാൽ പോര.
വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലെ ഒന്നാം ഗ്രൂപ്പിൽ രണ്ടു പോയന്റുമായി വിൻഡീസാണ് ഇപ്പോൾ ഒന്നാമത്. വമ്പൻ ജയം അവർക്ക് സമ്മാനിച്ചത് +5.350ന്റെ നെറ്റ് റൺറേറ്റാണ്. ഇന്ത്യയെ തോൽപ്പിച്ച് രണ്ടു പോയന്റും +3.800 നെറ്റ് റൺറേറ്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും. വിൻഡീസിന്റെ ഈ വമ്പൻ നെറ്റ് റൺറേറ്റാണ് ഇന്ത്യയ്ക്ക് തിരിച്ചടായാകാൻ പോകുന്നത്. നിലവിൽ ഇന്ത്യയുടെ നെറ്റ് റൺറേറ്റ് -3.800 ആണ്. ഇക്കാരണത്താൽ തന്നെ അടുത്ത രണ്ടു കളികളിൽ സിംബാബ്‌വെയേയും വെസ്റ്റിൻഡീസിനെയും തോൽപ്പിച്ചാൽ പോലും ഇന്ത്യയ്ക്ക് സെമി ഉറപ്പില്ലാത്ത അവസ്ഥയാണ്.
സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്ക ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുക എന്നതാണ് ഇന്ത്യയുടെ സെമി സാധ്യതയ്ക്കുള്ള ഒരു വഴി. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ഇന്ത്യയും ജയിക്കണം. ഒരു തോൽവി കൂടിയായാൽ പിന്നെ ഇന്ത്യൻ ടീമിന് വീട്ടിലിരുന്ന് ബാക്കി കളികൾ കാണാം.
ഇനി ദക്ഷിണാഫ്രിക്ക ഒരു കളിയിൽ തോൽക്കുകയും ഇന്ത്യ രണ്ടു കളിയും ജയിക്കുകയും ചെയ്താൽ കാര്യങ്ങൾ സങ്കീർണമാകും. വിൻഡീസാണ് ദക്ഷിണാഫ്രിക്കയെയും തോൽപ്പിക്കുന്നതെങ്കിൽ മൂന്നു ടീമുകൾക്ക് നാലുപോയിന്റ് വീതമാകും. അപ്പോൾ നെറ്റ് റൺറേറ്റ് നിർണായകമാകും. അവിടെയാണ് വിൻഡീസിന്റെ ഇപ്പോഴുള്ള +5.350 എന്ന വമ്പൻ നെറ്റ് റൺറേറ്റ് ഇന്ത്യയ്ക്ക് തിരിച്ചടിയാകാൻ പോകുന്നത്. ഇനി സിംബാബ്വേയാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുന്നതെങ്കിൽ രണ്ട് മികച്ച വിജയങ്ങൾ ഇന്ത്യയെ സെമിയിലെത്തിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തോൽവിയുടെ ആക്കം കുറയ്ക്കാനെങ്കിലും സാധിച്ചിരുന്നെങ്കിൽ നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് കുറച്ച് ആശ്വാസം ലഭിച്ചേനേ. എന്നാൽ 300 അടിക്കുമെന്ന് ആരാധകരും മറ്റും വീമ്പുപറഞ്ഞിരുന്ന ഇന്ത്യയാണ് വെറും 111 റൺസിന് ഓൾഔട്ടായത്.
വെസ്റ്റിൻഡീസിന്റെ ഈ വമ്പൻ ജയത്തോടെ ഇന്ത്യയ്ക്ക് ഇനി അടുത്ത രണ്ട് മത്സരങ്ങളും വലിയ മാർജിനിൽ ജയിക്കാതെ പറ്റില്ല. സിംബാബ്‌വെയ്‌ക്കെതിരായ അടുത്ത മത്സരമോ സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ പിച്ചിലും. ഇപ്പോൾ തന്നെ എതിർ ടീമുകൾ പാർട്ട് ടൈം സ്പിന്നർമാരെ പോലും കൊണ്ടുവന്ന് ഇന്ത്യൻ ബാറ്റർമാരെ ഇടംവലം അനങ്ങാൻ വിടാതെ പിടിച്ചുകെട്ടുകയാണ്.
പാകിസ്താനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇത്തരത്തിൽ ഓപ്പണർമാരെ ആദ്യ ഓവറിൽ തന്നെ സ്പിന്നർമാരാണ് പുറത്താക്കിയത്. ഈ സാഹചര്യത്തിലാണ് ചെന്നൈയിലേത് പോലൊരു പിച്ചിൽ സിക്കന്ദർ റാസയും ബ്രയാൻ ബെന്നെറ്റും അടങ്ങുന്ന സിംബാബ്‌വെയോട് ഇന്ത്യ പൊരുതാനിറങ്ങുന്നത്. സിംബാബ്‌വെയെ വെറുതെ തോൽപ്പിച്ചാൽ മാത്രം പോര, ഇപ്പോൾ വിൻഡീസ് നേടിയതിനേക്കാൾ വലിയ വിജയവും നേടേണ്ടതുണ്ട്.
India’s T20 World Cup semifinal prospects have taken a major hit following a 76-run defeat against South Africa and a massive 107-run victory for West Indies over Zimbabwe. Powered by Shimron Hetmyer’s explosive 85 off 34 balls, West Indies posted a daunting total of 254 runs. With Zimbabwe failing to put up a fight, India’s Net Run Rate (NRR) and standings are under pressure, making their path to the semifinals extremely challenging.


