തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. ഇതിന്റെ ടീസർ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. ക്ലിഫ് ഹൗസിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മോഹൻലാലിന്റെ സുഹൃത്ത് എം.ബി. സനിൽ കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്. സംവിധായകൻ ടി.കെ. രാജീവ് കുമാർ അടക്കമുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളതെന്നാണ് റിപ്പോർട്ട്.
അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു ചിത്രീകരണം.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മുമ്പ് മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി സർക്കാർ വലിയ പി.ആർ. പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം എത്തുന്നത്. ജനപ്രിയതാരമായ മോഹൻലാൽ ഉൾപ്പെട്ടതിനാൽ ഏത് രീതിയിലാകും ഇതിനെ പ്രതിപക്ഷം നേരിടുക എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ കൗതുകം.
Ahead of the 2026 Kerala Assembly elections, South Indian superstar Mohanlal has conducted an exclusive interview with Chief Minister Pinarayi Vijayan. The interview was filmed at the Chief Minister’s official residence, Cliff House, under tight secrecy. The government has officially announced that the teaser for this high-profile interaction will be released on Tuesday at 6 PM through social media platforms and television channels. Renowned director T.K. Rajeev Kumar is reportedly behind the technical side of this program, which explores the CM’s political journey and the government’s performance.


