Vyttila woman murder: മരിച്ചത് കോട്ടയം സ്വദേശി സുധ ബേബി, കൊലപാതകം നടത്തിയ ഹൈക്കോടതി മുന്‍ ജീവനക്കാരന്‍ കസ്റ്റഡിയില്‍; നിര്‍ണായകമായത് ഈ തെളിവുകള്‍

വൈറ്റിലയിൽ റെയിൽവേട്രാക്കിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം; കണ്ടത് ലോക്കോപൈലറ്റ്

കൊച്ചി: വൈറ്റിലയിലെ റെയില്‍പാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ പൊന്നുരുന്നി സ്വദേശി കസ്റ്റഡിയില്‍. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനായ ഷാജിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിലുള്ള ഷാജിയെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വൈറ്റില ഫ്‌ളൈ ഓവറിന് താഴെ റെയില്‍പാളത്തിന് സമീപത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ അമൃത എക്‌സ്പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റാണ് പാളത്തിന് സമീപത്തായി ഒരു സ്ത്രീ കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇദ്ദേഹം റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതി മരിച്ചതായി കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയില്‍തന്നെ സംഭവം കൊലപാതകമാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ട്രെയിനില്‍ നിന്ന് വീണതല്ലെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും സമീപത്തായി രക്തക്കറ കണ്ടെത്തിയെന്നും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കി.

മൃതദേഹത്തിന് സമീപത്തുനിന്നായി ഒരു മൊബൈല്‍ഫോണ്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട യുവതിയെയും തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയായ സുധ ബേബിയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. സുധ ബേബിയും ഷാജിയും ഏറെക്കാലമായി സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സുധ ബേബിയും ഷാജിയും തിങ്കളാഴ്ച രാത്രി റെയില്‍പാളത്തിന് സമീപത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. ഷാജിയുടെ വാഹനത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. തുടര്‍ന്ന് രണ്ടുപേരും റെയില്‍പാളത്തിന് സമീപത്തേക്ക് പോയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. എന്നാല്‍, ഏറെനേരം കഴിഞ്ഞ് ഷാജി മാത്രം തിരികെവരുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതും ഷാജിക്കെതിരെയുള്ള പ്രധാന തെളിവായി.

ഷാജിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാളുടെ ഷര്‍ട്ടില്‍ ചോരപുരണ്ടനിലയിലായിരുന്നു. അതേസമയം, എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് സുധ ബേബി കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല. ഷാജിയെ വിശദമായി ചോദ്യംചെയ്യുന്നതില്‍നിന്ന് ഇതെല്ലാം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

ഷാജിയും സുധ ബേബിയും ഏറെക്കാലമായി സൗഹൃദത്തിലാണെന്നും യുവതിയുടെ വീട്ടുകാര്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നുമാണ് പോലീസ് നല്‍കുന്നവിവരം. എന്നാല്‍, ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തതയില്ല. കൊല്ലപ്പെട്ട യുവതിയുടെ മുഖത്ത് മാത്രമാണ് കാര്യമായ പരിക്കുള്ളത്. മൃതദേഹം റെയില്‍പാളത്തിന് സമീപം ഉപേക്ഷിച്ച് സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും സംശയിക്കുന്നു.

A man named Shaji, a former High Court employee and resident of Ponnurunni, has been taken into custody in connection with the death of a young woman near the Vyttila railway tracks in Kochi. Police suspect the incident to be a murder and are currently interrogating the suspect, who was reportedly a friend of the deceased.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News