എന്തിനെക്കുറിച്ച് പ്രതികരിച്ചാലും ബോളിവുഡ് താരം സ്വരാ ഭാസ്‌കറിന് ട്രോള്‍ കൊണ്ട് അഭിഷേകമാണ്. പക്ഷേ, ഇതില്‍ പേടിച്ച് വിമര്‍ശനങ്ങള്‍ മതിയാക്കാനൊന്നും താരം ഒരുക്കമല്ല. ബിജെപിയെയും, ആര്‍എസ്എസിനെയും എന്തിനേറെ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലും വിമര്‍ശിക്കാന്‍ സ്വരയ്ക്ക് ഒരു പേടിയുമില്ല.
പലപ്പോഴും ഇത്തരം ട്രോളുകളെയും വിമര്‍ശനങ്ങളെയും തനിക്ക് അനുകൂലമാക്കി എടുക്കാനുളള കഴിവും താരത്തിനുണ്ട്. നേരത്തേ ‘വീരേ ദി വെഡിംഗ്’ എന്ന ചിത്രത്തില്‍ സ്വയംഭോഗം ചെയ്യുന്ന രംഗത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നിരവധി വിര്‍മശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. ഇതിനെല്ലാത്തിനും കുറിക്കുകൊളളുന്ന മറുപടി നല്‍കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ഈ രംഗത്തിന്റെ പേരില്‍ അവര്‍ക്കെതിരെ ട്രോള്‍ ആക്രമണമായിരുന്നു.
‘ഈ തിരഞ്ഞെടുപ്പില്‍ സ്വര ഭാസ്‌കറെ പോലെയാകരുത്. ..നിങ്ങളുടെ വിരലുകള്‍ ചിന്തിച്ച് ഉപയോഗിക്കൂ..വോട്ട് ചിന്തിച്ച് ചെയ്യൂ’. എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഒരു സ്ത്രീയുടേയും പുരുഷന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ പേര് പ്രശസ്തമാക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന ട്രോളര്‍മാര്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഇതിന് നടി മറുപടി കൊടുത്തത്.
താലിബാന്റെ കൈപ്പിടിയിലായ അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ജനങ്ങളുടെ ഭാവിയില്‍ ഉത്കണ്ഠ രേഖപ്പടുത്തിയുള്ള സ്വരയുടെ പോസ്റ്റാണ് ഇപ്പോള്‍ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായത്. അഫ്ഗാന്‍ മാദ്ധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും തന്റെ അഭിപ്രായം പറയുകയുമാണ് സ്വര ചെയ്തത്. ഇതിനായിരുന്നു കമന്റുകളുടെും ട്രോളുകളുടെയും പ്രളയം. അഫ്ഗാനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരായി നരേന്ദ്രമോദിയെയും ആര്‍ എസ് എസിനെയും ബി ജെ പിയെയും നിങ്ങള്‍ക്ക് കുറ്റപ്പെടുത്താനാവില്ലല്ലോ എന്നായിരുന്നു കമന്റുകളില്‍ ഏറിയകൂറും.