എം.പി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയും സുഹൃത്തും സുപ്രീം കോടതിക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
ന്യൂഡല്‍ഹി: ലോക്‌സഭാ എം.പി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയ പെണ്‍കുട്ടിയും സുഹൃത്തും സുപ്രീം കോടതി പരിസരത്തു വച്ച് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. പൊള്ളലേറ്റ പെണ്‍കുട്ടിയേയും സുഹൃത്തിനെയും സുപ്രീം കോടതിയിലെ സുരക്ഷാജീവനക്കാര്‍ ഉടന്‍ തന്നെ ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ചു.
യുപിയില്‍ നിന്നുള്ള ബിഎസ്പി എംപി അതുല്‍ റായ് പ്രതിയായ കേസിലെ പരാതിക്കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 2019 ല്‍ റായിയുടെ വാരാണസിയിലെ അപ്പാര്‍ട്‌മെന്റില്‍ വച്ചു പീഡിപ്പിച്ചെന്നും വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണു പെണ്‍കുട്ടിയുടെ പരാതി.കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്‌വാന്‍ദാസ് റോഡിലായിരുന്നു ആത്മഹത്യ ശ്രമം.
അതുല്‍ റായിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. 2019 മുതല്‍ അതുല്‍ റായ് ജയിലിലാണ്.