സുശാന്തിന്റെ കുടുംബത്തെ വിധി വെറുതെ വിടുന്നില്ല,സംസ്‌കാര ചടങ്ങിനിടെ കുടുംബത്തില്‍ ഒരു മരണംകൂടി

മുംബൈ:ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണം ഇന്ത്യന്‍ സിനിമയ്ക്ക് അപ്രതീക്ഷിത ആഘാതമാണ് ഏല്‍പ്പിച്ചത്.അഭ്രപാളികളില്‍ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിയ്‌ക്കെയുണ്ടായ മരണം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും ഇനിയും വിശ്വസിയ്ക്കാനായിട്ടില്ല.അന്ത്യകര്‍മ്മങ്ങള്‍ കഴിഞ്ഞ ദിവസം നടക്കുകയും ചെയ്തു.

താരത്തിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് കുടുംബം ഇതുവരെ മുക്തരായിട്ടില്ല. ഇതിനിടെ മറ്റൊരു ദുരന്തം കൂടി കുടുംബത്തെ ഉലച്ചിരിക്കുകയാണ്. താരത്തിന്റെ സഹോദരന്റെ ഭാര്യ മരിച്ചതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. സുശാന്തിന്റെ കസിന്‍ സഹോദരന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണം സുധയെ തളര്‍ത്തിയിരുന്നെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ അവര്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സുശാന്തിന്റെ സംസ്‌കാരം നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് സൂചന.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മുംബൈയിലാണ് സുശാന്ത് സിംഗിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. നടി കൃതി സനോണ്‍, റിയ ചക്രബര്‍ത്തി, ശ്രദ്ധ കപൂര്‍, വരുണ്‍ ശര്‍മ്മ, അഭിഷേക് കപൂര്‍, ഏക്താ കപൂര്‍, വിവേക് ഒബ്റോയ്, രണ്‍ദീപ് ഹൂഡ എന്നിവര്‍ താരത്തിന് അവസാനമായി വിട ചൊല്ലാന്‍ എത്തിയിരുന്നു.മുംബൈയില്‍ കൊവിഡ് വ്യാപനം വലിയ തോതില്‍ തുടരുന്നതിനാല്‍ ആരാധകര്‍ക്കടക്കം താരത്തിന് അന്തിമോപചാരം അര്‍പ്പിയ്ക്കാന്‍ അവസരം ലഭിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News