KeralaNews

രാമചന്ദ്ര ടെക്സ്റ്റയില്‍സിലെ 37 പേര്‍ നീരീക്ഷണത്തില്‍,തലസ്ഥാന നഗരത്തില്‍ ആശങ്ക,സ്ഥാാപന ഉടമ തൊഴിലാളികളെയത്തെിച്ചത് തമിഴ്‌നാട്ടിലെ അതിതീവ്ര രോഗവ്യാപന മേഖലകളില്‍ നിന്നും

തിരുവനന്തപുരം:അതിതീവ്ര കൊവിഡ് വ്യാപനമുള്ള തമിഴ്‌നാട്ടിലെ റെഡ്‌സോണുകളില്‍ നിന്നടക്കം ജീവനക്കാരെയെത്തിച്ച് തുറന്നുപ്രവര്‍ത്തിച്ച തിരുവനന്തപുരം രാമചന്ദ്ര ടെക്‌സറ്റയില്‍സിന്റെ നടപടി തലസ്ഥാന നഗരത്തെ ആശങ്കയിലാഴ്ത്തുന്നു.

ടെക്സ്റ്റയില്‍സിലെ ജീവനക്കാരായ 29 പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുകയും ഫോര്‍ട്ട് പോലീസ് കേസെടുത്തിരുന്നു. തമിഴ്നാട്ടില്‍ നിന്നും യാതൊരു പരിശോധനയോ കൊവിഡ് പോര്‍ട്ടല്‍ വഴിയുള്ള അനുമതിയോ ഇല്ലാതെ 29 പേരെയാണ് ശനിയാഴ്ച എത്തിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കുകയോ ആരോഗ്യം, ജില്ലാ ഭരണകൂടം എന്നിവരെ അറിയിക്കുകയോ ചെയ്തില്ല.

ജീവനക്കാരെ പണിയെടുപ്പിയ്ക്കുക മാത്രമല്ല,കിഴക്കേക്കോട്ട പത്മനഗറിലെ രാമചന്ദ്രയുടെ ഹോസ്റ്റലില്‍ മറ്റ് ജീവനക്കാര്‍ക്കൊപ്പം താമസിപ്പിച്ചു. ഇവരെ ജോലിക്ക് നിയോഗിക്കുകയും ചെയ്തു. പത്മാനഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ ഫോര്‍ട്ട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഫോര്‍ട്ട് പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഇവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുമാക്കി. കേസെടുക്കുകയും ചെയ്തു. ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച എട്ടു ജീവനക്കാരെക്കൂടി പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ഹോസ്റ്റലിന് സമീപപ്രദേശങ്ങളില്‍ ഇവര്‍ അടുത്തിടപഴകിയതിനാല്‍ നാട്ടുകാരും ആശങ്കയിലാണ്.

പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം രാമചന്ദ്രന്‍സിനെതിരെ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.നഗരത്തിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രമായ പത്മാനഗറില്‍ യാതൊരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെയാണ് ജീവനക്കാരെ എത്തിച്ചതെന്നും ഇവരുടെ ഹോസ്റ്റല്‍ സംവിധാനങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെയാണ് ജീവനക്കാരെ പാര്‍പ്പിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്.

തമിഴ്നാട്ടില്‍ കൊറോണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാതൊരു മുന്‍ കരുതലുമില്ലാതെ തമിഴ്നാട്ടിലെ അതീവ ജാഗ്രതാ പ്രദേശത്ത് നിന്നുപോലും ആളുകളെകൊണ്ട് എത്തിച്ചതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ഇവര്‍ നിരീക്ഷണത്തില്‍ ഇരിക്കാതെ പുറത്തെ കടകളിലും മറ്റും എത്തിയതിനാല്‍ പരിസവാസികള്‍ ഭീതിയിലായിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിന്നും ഊടുവഴികള്‍ വഴി അതിര്‍ത്തി കടത്തിയശേഷം ഹൈവേ വഴി ബസുകളിലാണ് ഇവരെ എത്തിച്ചത്. അതിനാല്‍ തന്നെ ഇവരുടെ കൃത്യമായ രേഖകള്‍ പോലും മാനേജ്മെന്റിന്റെ കയ്യിലുമില്ല. കേസെടുത്തതല്ലാതെ മറ്റ് നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല.ശക്തമായ നടപടികള്‍ സ്ഥാപന ഉടമയ്‌ക്കെതിരെ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker