വെഞ്ഞാറമൂട് :പതിനൊന്ന് മാസമായ കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ഷാളിന്റെ മറ്റേ അറ്റത്ത് മാതാവ് തൂങ്ങി മരിച്ചു. വെഞ്ഞാറമൂട് വേങ്കമല മുളങ്കാട് അജിത് ഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന നേപ്പാള്‍ സ്വദേശിയായ സഞ്ജയയുടെ ഭാര്യ സുനിത (25) യാണ് മരിച്ചത്. കുഞ്ഞിനെ പരിക്കുകളോടെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂലിപ്പണിക്കാരനായ സഞ്ജയ് ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി.
മൂന്നു മാസം മുമ്പാണ് സുനിതയും കുഞ്ഞും ഇവിടെ എത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പതിനൊന്ന് മാസമായ ആണ്‍കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട ശേഷം കിടപ്പു മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കുകയും ഷാളിന്റെ മറ്റേയറ്റത്ത് സുനിത തൂങ്ങുകയുമായിരുന്നു. എന്നാല്‍ സമീപത്തെ കസേരയില്‍ കാല്‍തട്ടി നിന്നതിനാല്‍ കുഞ്ഞ് പരിക്കുകളോടെ രക്ഷപ്പെട്ടു.
പുറത്തുപോയിരുന്ന സഞ്ജയ തിരിച്ചെത്തിയതോടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുനിതയെ രക്ഷിക്കാനായില്ല. ഇവര്‍ക്ക് അഞ്ചു വയസായ ഒരു ആണ്‍കുട്ടിയുമുണ്ട്. സുനിതയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ക്ക് പുറമെ നേപ്പാള്‍ സ്വദേശിയായ യുവാവും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്. വെഞ്ഞാറമൂട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.