CrimeKeralaNews

തമിഴ്നാട്ടില്‍ കവര്‍ച്ചാ സംഘത്തിനായി കോട്ടയം ജില്ലാ പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്


കോട്ടയം : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. ഏപ്രിൽ 28ന് പുലർച്ചെ നാലുമണിയോടെയായിരുന്നു കവർച്ച.

രാമപുരം പുതുവേലി ചോരക്കുഴി ഭാഗത്തുള്ള വീടിൻറെ അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്റെ പൂട്ടും, അടുക്കളവാതിലും കുത്തിതുറന്ന് അകത്തു കയറി കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന മധ്യവയസ്കയുടെ കയ്യിൽ കിടന്ന രണ്ട് സ്വർണ്ണ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ മോഷ്ടാക്കളെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കാതിരുന്ന കേസില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ രാമപുരം,പാലാ,ചങ്ങനാശ്ശേരി, പൊൻകുന്നം,കാഞ്ഞിരപ്പള്ളി തുടങ്ങിയ കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, സംസ്ഥാനത്തിന്റെ മറ്റു പല പ്രദേശങ്ങളിലും മോഷണം നടത്തുന്ന സന്തോഷ്, വേലൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇതിന്‌ പിന്നിലെന്ന് കണ്ടെത്തുകയും, ഇവരെ തമിഴ്നാട്ടിലെ തേനിയില്‍ നിന്നും പിടികൂടുകയുമായിരുന്നു.

തുടര്‍ന്ന് കോടതി റിമാൻഡ് ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും, ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മോഷണസംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ കാമാക്ഷിപുരത്തുള്ളവരാണെന്ന് കണ്ടെത്തുകയും, ഇവരെ പിടികൂടുന്നതിനുവേണ്ടി തമിഴ്നാട്ടിലെ ഈ ഗ്രാമം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ ആയുധങ്ങളുമായി മൂന്നു വാഹനങ്ങളിലായി തമിഴ്നാട്ടിലെ ഗ്രാമത്തിലെത്തി ഇവിടെ പരിശോധന നടത്തുകയായിരുന്നു.

രണ്ടുദിവസം രാത്രിയും പകലുമായി നടന്ന പരിശോധനയില്‍ മോഷണത്തിനുപയോഗിച്ച ആയുധങ്ങളും, യാത്ര ചെയ്യാൻ ഉപയോഗിച്ച ബൈക്കും കണ്ടെടുക്കുകയും, മോഷ്ടിച്ച സ്വർണ്ണം വില്പന നടത്തിയ സ്വർണ്ണകടയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇതിനു പുറമേ മോഷണസംഘത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നുപേരുടെ ഫോട്ടോകൾ ഇവരുടെ വീടുകളിൽ നിന്നും പോലീസ് കണ്ടെടുത്തു.

കേരളത്തിൽ വിവിധ ജോലികൾ ഏർപ്പെട്ടുവരുന്ന ആളുകളും മോഷണ സംഘത്തിൻറെ ഭാഗമാകാൻ സാധ്യത ഉള്ളവരും ആയവരുടെ വീടുകളിലും തിരച്ചിൽ നടത്തുകയും, ഗ്രാമത്തിൽ നിന്നും കേരളത്തിലേക്ക് ജോലിക്കും മറ്റുമായി വന്നിട്ടുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
കേരളത്തിൽ ജോലി ചെയ്തു വരുന്ന സമയങ്ങളിൽ മോഷണം നടത്തുന്നതിന് അനുയോജ്യമായ വീടുകൾ പകൽ സമയം കണ്ടെത്തി

കാമാക്ഷിപുരത്തു നിന്നും കൂടുതൽ ആളുകളെ വിളിച്ചുവരുത്തി രാത്രി സമയങ്ങളിൽ വീടുകളുടെ വാതിലുകൾ പൊളിച്ച് മോഷണം ചെയ്യുന്ന രീതിയാണ് കവര്‍ച്ചാ സംഘങ്ങള്‍ അവലംബിച്ചു വരുന്നതെന്നും, കേരളത്തിലെത്തി മോഷണം നടത്തി തിരികെ സ്വന്തം ഗ്രാമത്തിലെത്തി സ്വസ്ഥമായി കഴിയാമെന്നായിരുന്നു മോഷ്ടാക്കളുടെ പദ്ധതിയെന്നും എസ്.പി പറഞ്ഞു. പാലാ ഡി.വൈ.എസ്.പി. കെ സദൻ, എസ്.എച്.ഓ മാരായ ജോബിന്‍ ആന്റണി, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button