പിതാവിനെ തലയ്ക്കടിച്ച് തീകൊളുത്തി കൊന്നു, മകൻ പിടിയിൽ;കാരണം യുവതി

അടിമാലി: മാങ്കുളം ചിക്കണാംകുടിക്കു സമീപം മുപ്പത്തിമൂന്നില്‍ പിതാവിനെ തലയ്ക്കടിച്ച ശേഷം മകന്‍ തീകൊളുത്തി കൊന്നു. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പനാണ് (55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബിബിനെ (36) മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും നാളുകളായി ഒരു യുവതിയെ ബിബിന്‍ വീട്ടില്‍ താമസിപ്പിച്ചിരുന്നു. ഇതില്‍ തങ്കച്ചന്‍ അനിഷ്ടം പ്രകടിപ്പിച്ചതും തങ്കച്ചന്റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും നല്‍കാത്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഇരുവരും വഴക്കുണ്ടാക്കി. തുടര്‍ന്ന് തങ്കച്ചനെ മകന്‍ വാക്കത്തിയുടെ പിടികൊണ്ട് ആദ്യം തലയ്ക്ക് അടിച്ചുവീഴ്ത്തി. ബോധമറ്റതോടെ തങ്കച്ചന്‍ മരിച്ചെന്നു കരുതിയ ബിബിന്‍ തങ്കച്ചനെ ഷെഡിലേക്ക് വലിച്ചിഴച്ച് എത്തിച്ച ശേഷം, ഷെഡ് മേയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് ദേഹത്തിട്ടു മൂടി തീകൊളുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ അയല്‍വാസിയാണ് തങ്കച്ചന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും ബിബിന്‍ ഒളിവില്‍ പോകുന്നതിനായി മാങ്കുളത്ത് എത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News