25.4 C
Kottayam
Friday, May 17, 2024

അപ്രതീക്ഷിത സ്ഥാനലബ്ദി, താരത്തിനായി ഇടപെട്ടത് കേന്ദ്ര നേതൃത്വം, ഇനി കേരളത്തിൽ ബി.ജെ.പിയുടെ കളി മാറും

Must read

തിരുവനന്തപുരം: മുൻ രാജ്യസഭാ എംപി സുരേഷ് ​ഗോപിയെ ബിജെപി കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേന്ദ്രനേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന്. സുരേഷ് ​ഗോപിക്കായി കീഴ്‍വഴക്കം മാറ്റാനും സംസ്ഥാന നേതൃത്വം തയ്യാറായി. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിട്ടുള്ളത്.  പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം ഉൾപ്പെടുന്നതായിരുന്നു കോർ കമ്മിറ്റി.

എന്നാൽ. സുരേഷ് ​ഗോപി സുപ്രധാന സ്ഥാനത്തുവരണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിർദേശത്തെ തുടർന്ന് കീഴ്‍വഴക്കം ഒഴിവാക്കി അദ്ദേഹത്തെ സുപ്രധാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. നേരത്തെ പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കേരളത്തിലെത്തി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് മതിയായ തൃപ്തിയില്ല എന്നായിരുന്നു സൂചന. സംസ്ഥാന നേതൃത്വത്തിനെതിരെ അടിക്കടി ഉയരുന്ന ആരോപണങ്ങളിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ സ്ഥാനത്തുനിന്ന് നീക്കിയതാണ് ഒടുവിലത്തെ വിവാ​ദം.

തൃശൂർ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പിൽ‌ മത്സരിച്ച് തോറ്റെങ്കിലും അദ്ദേഹത്തിന് ജനപിന്തുണയുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. രാജ്യസഭാ എംപിയായി അദ്ദേഹത്തിന്റെ പ്രവർത്തനവും കേന്ദ്രനേതൃത്വത്തെ തൃപ്തിപ്പെടുത്തി. 

താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ ജനപിന്തുണ വർധിപ്പിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. നേരത്തെയും സംഘടനാ ചുമതല വാ​​ഗ്ദാനം ചെയ്തിരുന്നെങ്കിലും സിനിമയില്‍ തിരക്കാണെന്ന് പറഞ്ഞു കൊണ്ട് സുരേഷ് ഗോപി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, നിര്‍ബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നുള്ള നിര്‍ദേശത്തെ ഇപ്പോൾ അവ​ഗണിക്കാനായില്ല. 

സുരേഷ് ​ഗോപി കോർകമ്മിറ്റിയിൽ വരുന്നതിനോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാട് സ്വീകരിച്ചു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി. ഇതുവരെ പാർട്ടിയുടെ മറ്റ് പദവികളൊന്നും വഹിക്കാത്ത നേതാവ് ആദ്യമായാണ് കോർകമ്മിറ്റിയിൽ ഉൾപ്പെടുന്നത്.  വളരെ അസാധാരണ നടപടിയായാണിത് കണക്കാക്കുന്നത്.

സുരേഷ് ഗോപി പാര്‍ട്ടിയുടെ മറ്റൊരു സ്ഥാനം കൂടി വഹിക്കാനുള്ള സാധ്യതയായും നീക്കത്തെ കാണുന്നു. കോര്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ ഔദ്യോഗികമായി സുരേഷ് ഗോപിക്ക് വലിയ ചുമതലയാണ് ഇപ്പോള്‍ പാര്‍ട്ടി നല്‍കിയിട്ടുള്ളത്. പാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങളില്‍ ഉള്‍പ്പെടെ താരത്തിന് ഇനി പങ്കെടുക്കേണ്ടി വരും. സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാനാണ് കേന്ദ്ര നേതൃത്വം  നിര്‍ദേശിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week