തൃശ്ശൂര്‍: വിഷുക്കൈനീട്ട വിവാദത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങള്‍ മാറുന്നതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. രാഷ്ട്രീയ ഇടപെടലുകള്‍ കാരണം വിഷു കഴിഞ്ഞാലും ജനങ്ങള്‍ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു. ഇതില്‍ നന്ദിയുണ്ടെന്നും സുരേഷ് ഗോപി പരിഹസിച്ചു.
കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കുന്നതും പണം വാങ്ങിയശേഷം സ്ത്രീകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമടങ്ങിയ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സംഭവം വിവാദമായി. നിരവധിപേരാണ് സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
അതേസമയം, കുരുന്നുകള്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത് രസിക്കാത്തത് ചൊറിയന്‍ മാക്രിക്കൂട്ടങ്ങള്‍ക്കാണെന്നും നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാണെന്നുമായിരുന്നു സുരേഷ്ഗോപി ഇതിനോട് കഴിഞ്ഞദിവസം പ്രതികരിച്ചത്. കഴിഞ്ഞ ദിവസം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞിരുന്നു.
ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയതും നേരത്തെ വിവാദമായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് ഇത്തരത്തില്‍ പണം വാങ്ങുന്നത് വിലക്കുകയും ചെയ്തിരുന്നു.