സൂറത്ത്: സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക തള്ളി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നിലേഷ് കുംബാനിയുടെ പത്രികയാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ സൗരഭ് പാര്‍ഗി തള്ളിയത്. സമര്‍പ്പിച്ച രേഖകളിലുള്ള ഒപ്പില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നിലേഷ് കുംബാനിയെ നിർദേശിച്ച മൂന്നുപേരുടെയും പത്രികയിലെ ഒപ്പുകളും രേഖകളിലുള്ള ഒപ്പുകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 36(2) വകുപ്പ് പ്രകാരമാണ് പത്രിക തള്ളിയത്. അതുപ്രകാരം നാമനിര്‍ദേശ പത്രികയിലെ സ്ഥാനാര്‍ഥിയുടേയോ നിര്‍ദേശിക്കുന്ന ആളുടേയോ ഒപ്പ് യഥാര്‍ഥമല്ലെങ്കില്‍ പത്രിക തള്ളാം.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതിന് ശേഷം കുംബാനിയുടെ പത്രികയ്‌ക്കെതിരേ ബി.ജെ.പി രംഗത്തെത്തിയിരുന്നു. റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെയാണ് നാമനിര്‍ദേശം ചെയ്തവരുടെ ഒപ്പ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയുടേയും പത്രികയിലെ ഒപ്പ് വ്യാജമാണെന്നും ആരോപണമുണ്ടായിരുന്നു.
പത്രിക തള്ളിയതിനുപിന്നാലെ സൂറത്ത് സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.