27.7 C
Kottayam
Friday, May 3, 2024

നേഹയുടെ കൊലപാതകം ‘ലവ് ജിഹാ’ദെന്ന് ബി.ജെ.പി,മാപ്പുചോദിച്ച് ഫയാസിന്റെ അച്ഛൻ

Must read

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും ഹുബള്ളി ധാര്‍വാഡ് കോര്‍പറേഷന്‍ കൗണ്‍സിലറുമായ നിരഞ്ജന്‍ ഹിരെമത്തിന്റെ മകള്‍ നേഹ ഹിരെമത്ത് മരിച്ചതിനുപിന്നാലെ അവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ. നേഹ പഠിച്ചിരുന്ന കര്‍ണാടകയിലെ ഹുബള്ളിലുള്ള ബി.വി.ബി. കോളേജിനുള്ളില്‍വെച്ച് ഏപ്രില്‍ 18 വ്യാഴാഴ്ചയാണ് മുന്‍സഹപാഠി മുഹമ്മദ് ഫയാസ് നേഹയെ കുത്തിക്കൊലപ്പെടുത്തിയത്.

കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും നേഹയ്ക്ക് നീതി നേടിക്കൊടുക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും നഡ്ഡ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും നടത്തിയ പ്രസ്താവനകളില്‍ ബി.ജെ.പി. അപലപിക്കുന്നു. ഇത് ലവ് ജിഹാദാണ്. അതിനെ വ്യക്തിപരമായ കാര്യമെന്ന് വരുത്തിത്തീര്‍ക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നഡ്ഡ ആരോപിച്ചു.

കുറ്റവാളി ലവ് ജിഹാദിനാണ് ശ്രമിച്ചത്, അത് എതിര്‍ത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. അതിനെ അങ്ങനെയല്ല എന്നുപറഞ്ഞ് സാമാന്യവല്‍കരിക്കാനാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയും ആരോപിച്ചു. കൃത്യമായ അന്വേഷണം നടത്താതെ കുറ്റവാളിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു പെണ്‍കുട്ടിയുടെ മരണത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത് ലവ് ജിഹാദല്ല. കുറ്റവാളിയെ അറസ്റ്റുചെയ്തുകഴിഞ്ഞു. കേസില്‍ തുടരന്വേഷണം നടക്കുകയാണ്. കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മുഹമ്മദ് ഫയാസിന്റെ പിതാവ്‌ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കൈകള്‍ കൂപ്പി നേഹയുടെ കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും അത് തന്നെയും കുടുംബത്തെയും ഞെട്ടിച്ചുവെന്നും സ്‌കൂള്‍ അധ്യാപകൻ കൂടിയായ ബാബാ സാഹേബ് സുബാനി പറഞ്ഞു.

‘നേഹ എനിക്ക് മകളെപ്പോലെയായിരുന്നു. അവളോട് ഇങ്ങനെയൊരു ക്രൂരപ്രവര്‍ത്തി ചെയ്തതിന് ഫയാസിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം. ഇനി ആര്‍ക്കും ആരോടും ഇത്തരമൊരു ക്രൂരത കാണിക്കാനുള്ള ധൈര്യമുണ്ടാവരുത്. അതിന് ഉതകുന്ന ശിക്ഷ വേണം ഫയാസിന് നല്‍കാന്‍. നേഹയുടെ കുടുംബത്തോട് ഞാന്‍ കൈകള്‍ കൂപ്പി മാപ്പുചോദിക്കുന്നു,’ നിറകണ്ണുകളോടെ ബാബാ സാഹേബ് സുബാനി പറഞ്ഞു.

ആറുവര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും പണത്തിനുവേണ്ടി മാത്രമായിരുന്നു മകന്‍ തന്നെ വിളിച്ചിരുന്നതെന്നും സുബാനി പറഞ്ഞു. എട്ടുമാസം മുമ്പ് നേഹയുടെ കുടുംബാംഗങ്ങള്‍ തന്നെ വിളിച്ചിരുന്നുവെന്നും ഫയാസ് നേഹയെ ശല്യപ്പെടുത്തുന്നുവെന്ന് പരാതി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതേപ്പറ്റി ചേദിച്ചപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്നും നേഹയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുവെന്നുമാണ് ഫയാസ് പറഞ്ഞതെന്നും സുബാനി പറഞ്ഞു.

നേഹയും ഫയാസും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് ഫയാസിന്റ മാതാവ് മുംതാസും പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇക്കാര്യം തനിക്കറിയാമായിരുന്നു എന്നാണ് മുംതാസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, നേഹയുടെ കുടുംബം ഈ വാദം തള്ളി. ഫയാസ് പ്രണയാഭ്യര്‍ത്ഥന നടത്തി നേഹയുടെ പിന്നാലെ നടന്ന് ശല്യംചെയ്യുകയായിരുന്നു എന്ന വാദത്തിലാണ് അവര്‍ ഉറച്ചുനില്‍ക്കുന്നത്. ഫയാസിന്റെ പ്രണയാഭ്യര്‍ത്ഥനകള്‍ നേഹ പലതവണയായി നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, നേഹയും ഫയാസും തമ്മില്‍ ഇഷ്ടത്തിലായിരുന്നു എന്ന് ഇരുവരുടെയും ചിത്രങ്ങള്‍ വെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട രണ്ടുപേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ‘നേഹ-ഫയാസ് ട്രൂ ലവ്, ജസ്റ്റിസ് ഫോര്‍ ലവ്’ എന്നായിരുന്നു പോസ്റ്റ്. ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week