കൊച്ചി: തനിക്കെതിരായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈബർ ആക്രമണത്തിൽ ഒപ്പം നിൽക്കാത്തത് ചൂണ്ടിക്കാട്ടി ഗായകൻ സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തിൽ നിന്നും രാജിവച്ചു. കെ.എസ് ചിത്രയ്ക്കെതിരെ സൂരജ് കഴിഞ്ഞദിവസം വിമർശനമുന്നയിച്ചതിന് പിന്നാലെ സൂരജ് സന്തോഷിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. ഇതിൽ തളരില്ലെന്നും നിയമനടപടിയെടുക്കുമെന്നും ഗായകൻ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ തനിക്കൊപ്പം നിൽക്കാത്തതിന് സൂരജ് സമത്തിൽ നിന്നും രാജിവച്ചത്.
അതേസമയം രാഷ്‌ട്രീയ വിഷയമായതിനാൽ ആരെയും പിന്തുണയ്‌ക്കുകയോ എതിർക്കുകയോ വേണ്ടെന്നാണ് സംഘടനയുടെ നിലപാടെന്ന് സമം പ്രസിഡന്റും ഗായകനുമായ സുദീപ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു. കെ എസ് ചിത്രയ്‌ക്കെതിരെ നടത്തിയ വിമർശനം കരിയറിനെ ബാധിക്കുകയാണെങ്കിൽ ബാധിക്കട്ടെയെന്ന് ഗായകൻ സൂരജ് സന്തോഷ് നേരത്തെ അറിയിച്ചിരുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ചിത്രയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സൂരജ് സന്തോഷ് രംഗത്തെത്തിയതിന് പിന്നാലെ നിരവധി പേർ സൂരജിനെയും വിമർശിച്ചിരുന്നു. ചിത്രയെന്ന വ്യക്തിയെയോ അവരുടെ സംഗീതത്തെയോ അല്ല വിമർശിച്ചത്.
അവർ എടുത്ത നിലപാടിനെയാണെന്നും സൂരജ് സന്തോഷ് പറഞ്ഞു. ചിത്രയെ വ്യക്തിപരമായോ അവരുടെ ഗായിക എന്ന സ്വത്വത്തിനെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.