ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിതര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതിനെതിരെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായത്. വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും അരുണ്‍മിശ്ര പറഞ്ഞു. കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
ബിഹാര്‍ ചീഫ് സെക്രട്ടറിയുടെ അനുഭവം കേരളാ ചീഫ് സെക്രട്ടറിയ്ക്ക് ആരെങ്കിലും പറഞ്ഞ് മനസ്സിലാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ സുപ്രീം കോടതിക്ക് മുകളിലല്ല, വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇത് ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2017 ജൂലൈ മൂന്നിന് മലങ്കര പള്ളിക്ക് കീഴിലുള്ള പള്ളികളും 934ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് കോടതി വിധിച്ചിരുന്നു. അതിന് ശേഷം ഇതേ വിഷയത്തില്‍ നിരവധി ഹര്‍ജികള്‍ കോടതിക്ക് മുന്നില്‍ എത്തിയിരുന്നുവെങ്കിലും അതെല്ലാം സുപ്രീം കോടതി തള്ളിയതായിരുന്നു. ഇത് സംബന്ധിച്ച് വീണ്ടും ഒരു ഹര്‍ജി എത്തിയപ്പോഴാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.