ന്യൂഡല്‍ഹി: ഭര്‍തൃഗൃഹത്തില്‍ സ്ത്രീകള്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ക്ക് ഉത്തരവാദി ഭര്‍ത്താവ് ആയിരിക്കുമെന്ന് സുപ്രീം കോടതി. ഭാര്യയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭര്‍ത്താവ് നല്‍കിയ അപേക്ഷ നിഷേധിച്ചാണ് കോടതിയുടെ പരാമര്‍ശം.
കേസില്‍ ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു. ഭാര്യയെ ഇയാള്‍ മര്‍ദ്ദിച്ചതിനെ കോടതി രൂക്ഷമായി കുറ്റപ്പെടുത്തി. ‘ഭാര്യയെ ക്രിക്കറ്റ് ബാറ്റ്‌കൊണ്ട് അടിക്കാനും കത്തി കൊണ്ടു കുത്താനും താനെന്തൊരു മനുഷ്യനാണെ’ന്നായിരുന്നു കോടതിയുടെ ചോദ്യം.
ഭര്‍ത്താവില്‍ നിന്ന് മാത്രമല്ല ബന്ധുക്കളില്‍ നിന്നേല്‍ക്കുന്ന പരുക്കായാലും ഉത്തരവാദി ഭര്‍ത്താവ് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.