ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് എതിരെയുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. 2019 ആഗസ്ത് 5-ന് ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും.
ഓഗസ്റ്റില്‍ ആരംഭിച്ച 16 ദിവസത്തെ മാരത്തണ്‍ ഹിയറിംഗിന് ശേഷം സെപ്റ്റംബര്‍ 5 നാണ് സുപ്രീം കോടതി ഈ വിഷയത്തില്‍ വിധി പറയാന്‍ മാറ്റിയത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്‌മണ്യം, രാജീവ് ധവാന്‍, സഫര്‍ ഷാ, ദുഷ്യന്ത് ദവെ എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ഓഗസ്റ്റ് രണ്ടിനാണ് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ സാധുതയെക്കുറിച്ചും മുന്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിന്റെ സാധുതയെക്കുറിച്ചുമാണ് ഹര്‍ജിക്കാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേന്ദ്രം സ്വന്തം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്നും ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
ജമ്മു കശ്മീര്‍ ഭരണഘടനാ അസംബ്ലിയുടെ കാലാവധി 1957-ല്‍ അവസാനിച്ചതിനാല്‍ ആര്‍ട്ടിക്കിള്‍ 370-ലെ വ്യവസ്ഥ റദ്ദാക്കാന്‍ കഴിയില്ലെന്നും അവര്‍ വാദിച്ചു. ഭരണഘടനാ അസംബ്ലി ഇല്ലാതായതോടെ ആര്‍ട്ടിക്കിള്‍ 370 സ്ഥിരമായ പദവി നേടി എന്നാണ് ഹര്‍ജിക്കാരുടെ വാദം. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി ഗിരി തുടങ്ങിയവരാണ് കേന്ദ്രത്തിന് വേണ്ടി വാദിക്കുന്നത്.
സുപ്രീം കോടതിയുടെ വിധിക്ക് മുന്നോടിയായി ജമ്മു കശ്മീരില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കശ്മീര്‍ സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജിപി) വി കെ ബിര്‍ഡി പിടിഐയോട് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി 10 താഴ്വര ജില്ലകളിലും അദ്ദേഹം സുരക്ഷാ അവലോകന യോഗങ്ങള്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 7 ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സെക്ഷന്‍ 144 പ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളയുകയും ചെയ്തതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സും, പി ഡി പിയും, ജെ ആന്റ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.