ന്യൂഡൽഹി: പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ ഒഡീഷ എംഎല്‍എയോട് ഒരു വര്‍ഷത്തേക്ക് സ്വന്തം മണ്ഡലത്തില്‍ കാലുകുത്തിപ്പോകരുതെന്നു സുപ്രീംകോടതി. ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും ബിജെഡി എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനോട് നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ വിലക്കുള്ള കാലത്തോളം മണ്ഡലത്തിലേക്ക് കടക്കരുതെന്നാണ് കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടു സുപ്രീംകോടതി വ്യക്തമാക്കിയത്. നേരത്തെ പ്രശാന്ത് കുമാറിന്റെ ജാമ്യാപേക്ഷ ഒഡീഷ് ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഉള്ള സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കരുത്.
രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തു സംസാരിക്കരുത്. സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളിന്‍മേലാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് മറ്റേതു ജാമ്യ വ്യവസ്ഥകള്‍ വേണമെങ്കിലും ഏര്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്. സംഭവത്തിൽ ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ബിജെപി എംഎല്‍എയെ കൈയേറ്റം ചെയ്തതിന് പ്രകാശ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.