ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. സ്‌കൂള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ജസ്റ്റീഡ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് കോടതി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ കുട്ടികളും സ്‌കൂളില്‍ പോകണമെന്ന് കോടതിക്ക് എങ്ങനെ പറയാനാകുമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ചു.
നിലവില്‍ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാതെ എങ്ങനെ സ്‌കൂളിലേക്ക് വിളിക്കാനാകുമെന്നും മുതിര്‍ന്ന കുട്ടികളെയും താഴ്ന്ന ക്ലാസുകളിലെ കുട്ടികളെയും ഒന്നിച്ചു സ്‌കൂളില്‍ എത്തിക്കാന്‍ എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു.