26.7 C
Kottayam
Wednesday, May 29, 2024

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം പരിഗണനയിൽ;സുപ്രീം കോടതി വിധി പറയുന്നത് മാറ്റി

Must read

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇടക്കാല ജാമ്യം തേടി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയില്ല. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മാത്രം കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കെജ് രിവാളിന് ജാമ്യംനല്‍കുന്നതിൽ ഇ.ഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായ എതിര്‍പ്പാണ് കോടതിയില്‍ ഉന്നയിച്ചത്.ജാമ്യം അനുവദിച്ചാല്‍ തന്നെ കെജ്‌രിവാളിന് ഫയലുകളില്‍ ഒപ്പിടുന്നതിന് നിയന്ത്രണമുണ്ടാകുമെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. പ്രചാരണത്തിന് മാത്രമായിരിക്കും ജാമ്യം നല്‍കുകയെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. താന്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫയലുകള്‍ ലെഫ്റ്റനന്റ് ജനറല്‍ അംഗീകാരം നല്‍കാത്ത സാഹചര്യം ഉണ്ടാകരുതെന്ന് ഈ ഘട്ടത്തില്‍ കെജ് രിവാള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

മാര്‍ച്ച് 21-നാണ് ഡല്‍ഹിയിലെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബി.ജെ.പി. രംഗത്തെത്തിയിരുന്നു. എന്നാല്‍, കെജ്രിവാള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ജയിലില്‍ കിടന്നുകൊണ്ട് ഭരണകാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു.

കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടുകയും ചെയ്തു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സുപ്രീംകോടതി ഇടക്കാല ജാമ്യം പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week