ന്യൂഡല്‍ഹി: ഓക്‌സിജന്‍, വാക്‌സിന്‍, മരുന്നുകള്‍ മുതലായവയുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ തടയില്ല. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍, തങ്ങള്‍ സഹായിക്കുമെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, എല്‍.എന്‍ റാവൂ, രവീന്ദ്ര എസ്. ഭട്ട് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.