മഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മഞ്ചേരി: കൊവിഡ് കെയര്‍ സെന്ററില്‍ തമിഴ്‌നാട് സ്വദേശിയായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നെത്തിച്ച തമിഴ്‌നാട് ഇടയകുളം അരിയല്ലൂര്‍ സ്വദേശി സതീഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മഞ്ചേരി കോഴിക്കോട് റോഡിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് രോഗികളായ തടവുകാരെ താമസിപ്പിക്കുന്നത്. ഇതിനിടയിലാണ് മൂന്ന് പേര്‍ ഉണ്ടായിരുന്ന മുറിയില്‍ ഇയാള്‍ കഴുത്തില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ ബഹളം കേട്ടാണ് പോലീസ് വാതില്‍ പൊളിച്ചു അകത്ത് കയറിയത്. ശേഷം പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതിയുടെ പേരില്‍ തിരൂര്‍ പോലീസ് ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കേസ് നിലവിലുണ്ട്. ഇതേ കേസിലെ തന്നെ കൂട്ടുപ്രതിയായ ഇയാളുടെ ഭാര്യ പാലക്കാട് ജില്ലാ ജയിലിലാണ്. പാലക്കാട് ജയിലിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടെയാണ് കോവിഡ് ബാധിതനായ ഇയാളെ മഞ്ചേരിയിലെ സെന്ററിലേക്ക് എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News