ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് നടനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
മയക്കുമരുന്ന് കച്ചവടക്കാരനായ അജയ് രാജു സിംഗിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിരോധിത ലഹരിമരുന്നുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അജയ് രാജു സിംഗിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അര്‍മാന്‍ കോലിയുടെ വീട്ടില്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ചെറിയ അളവില്‍ കൊക്കെയ്ന്‍ പിടികൂടി. എന്‍.സി.ബി. സംഘം ചോദ്യം ചെയ്യലിനായി അര്‍മാനെ ദക്ഷിണ മുംബൈയിലെ ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അര്‍മാന്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്നു. അര്‍മാനെ അറസ്റ്റ് ചെയ്തതിന് ഒരു ദിവസം മുന്‍പാണ് ടെലിവിഷന്‍ താരം ഗൗരവ് ദീക്ഷിതിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്.