31.7 C
Kottayam
Thursday, May 2, 2024

സുഗതകുമാരി അന്തരിച്ചു

Must read

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ സുഗതകുമാരി ടീച്ചർ (86) മരണത്തിനു കീഴടങ്ങി. ബുധനാഴ്ച രാവിലെ 10.52 നാണ് അന്ത്യം സംഭവിച്ചത്. കോവിഡ്  ബാധിതയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിലെത്തിച്ചു.

സ്വകാര്യ ആശുപത്രിയിൽ നിന്നും വന്നപ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ വെൻ്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിലാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. ഉടനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോവിഡിൻ്റെ ഭാഗമായ കടുത്ത ബ്രോങ്കോ ന്യുമോണിയ മൂലമുള്ള ശ്വാസതടസം പ്രധാന കാരണമായിരുന്നു. ശ്വാസകോശമാകമാനം ന്യുമോണിയ ബാധിച്ചതിനാൽ യന്ത്രസഹായത്തോടെയുള്ള ശ്വസന പ്രക്രിയ പോലും ബുദ്ധിമുട്ടായി. നേരത്തേ ഹൃദ്രോഗ ബാധിതയായിരുന്ന സുഗതകുമാരിയ്ക്ക് ചികിത്സയിലിരിക്കെ രണ്ടു തവണയുണ്ടായ ഹൃദയാഘാതവും ജീവൻ നിലനിർത്തുന്നതിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ വൃക്കകളുടെ പ്രവർത്തനവും തകരാറിലായിരുന്നു. ഇതോടൊപ്പം ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത നില കൂടിയായതോടെ ആരോഗ്യനില കൂടുതൽ വഷളായി.

ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദേശാനുസരണം സുഗതകുമാരിയുടെ ജീവൻ നിലനിർത്താൻ ചികിത്സയ്ക്കു വേണ്ട എല്ലാ സംവിധാനവും ആശുപത്രി അധികൃതർ ചെയ്തിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, കോവിഡ് സെല്ലിൻ്റെ ചുമതലയുള്ള ഡോ നിസാറുദീൻ  എന്നിവരുടെ നേതൃത്വത്തിൽ വിവിധ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ധ സംഘം രൂപീകരിച്ചാണ് ചികിത്സയ്ക്ക് മേൽനോട്ടം നൽകിയത്. കാർഡിയോളജി, മെഡിക്കൽ, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരാണ് ചികിത്സയുടെ ഭാഗമായത്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങൾ. വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികൾക്ക് അമ്മയുമായി. അവർക്കായി സ്ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമാണ്.

സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്‌പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.

സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ നേടി. 2006 ൽ പത്മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും 2013 ൽ സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, വള്ളത്തോൾ അവാർഡ്, ബാലാമണിയമ്മ അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ്, ആശാൻ പ്രൈസ്, പി.കേശവദേവ് പുരസ്കാരം, കെ.ആർ. ചുമ്മാർ അവാർഡ്, ഒഎൻവി സാഹിത്യ പുരസ്കാരം, ജ്ഞാനപ്പാന പുരസ്കാരം, ജവഹർലാൽ നെഹ്റു പുരസ്കാരം, ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം, ലൈബ്രറി കൗൺസിൽ പുരസ്കാരം, തോപ്പിൽഭാസി പുരസ്കാരം, സ്‌ത്രീശക്‌തി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ‘വൃക്ഷമിത്ര’ അവാർഡ് സുഗതകുമാരിക്കായിരുന്നു,

മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ഭർത്താവ്: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധൻ നായർ. ഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എൻസിഇആർടിയുടെ മുൻരൂപം) തലവനും ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് അസി. ഡയറക്‌ടറായിരുന്നു അദ്ദേഹം. മകൾ: ലക്ഷ്മി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week