ആലപ്പുഴ: നൂറനാട് പടനിലം സ്കൂള്‍ ക്രമക്കേടില്‍ ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ മന്ത്രി ജി സുധാകരന്റെ വിശ്വസ്തനുമായ കെ.രാഘവനെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും സ്കൂള്‍ മാനേജരുമായിരുന്ന മനോഹരനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.
1.63 കോടിയുടെ അഴിമതിയാണ് സ്കൂളുമായി ബന്ധപ്പെട്ട ക്രമക്കേടിലെ അന്വേഷണത്തില്‍ കണ്ടെത്തിയത്.അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് നടപടി നേതാക്കള്‍ക്കെതിരായ നടപടി അംഗീകരിച്ചത്.
കെ.എച്ച്. ബാബുജാന്, എ.മഹേന്ദ്രന് എന്നിവരായിരുന്നു കമ്മീഷനംഗങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമാണ് നടപടി നേരിട്ട കെ.രാഘവന്. അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി സുധാകരനെതിരെ ആരോപണവും അന്വേഷണവും വന്നതോടെയാണ് സുധാകരന്റെ വിശ്വസ്തനെതിരെയും നടപടി വേഗത്തിലായത്.
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചു നടപടികള്‍ ഉടനുണ്ടാകുമെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു. മറ്റു ജില്ലകളിലും ഇതോടൊപ്പം നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
ആകെയുള്ള 14 ജില്ലകളില്‍ കണ്ണൂരും കോഴിക്കോടും ഇപ്പോള്‍ ആലപ്പുഴയിലുമാണ് നടപടികള്‍ എടുത്തിരിക്കുന്നത്. ഇടുക്കിയിലും തിരുവനന്തപുരത്തും നടപടി തുടങ്ങിവച്ചു. എന്നാല്‍, വിഭാഗീയതയുടെ വേരുപടലം ആഴ്ന്നിറങ്ങിയ എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ട് മരവിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടു പോലും കോഴിക്കോട് കുറ്റ്യാടിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് അനുകൂലമായ നിലപാടുകള്‍ കൈക്കൊണ്ടില്ലായെന്നതായിരുന്നു തരംതാഴ്ത്തലിന് ഇവിടെ കാരണമായി ഭവിച്ചത്.
കണ്ണൂരാകട്ടെ നഗരസഭാധ്യക്ഷയും മന്ത്രി എം.വി ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളയ്ക്കെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു കൂത്തുപറമ്പ്, തളിപ്പറമ്പ് ഏരിയയിലെ രണ്ട് ഏരിയ നേതാക്കളും 19 പ്രാദേശിക നേതാക്കളുമുള്‍പ്പെടെ നടപടിക്കു വിധേയരായിക്കഴിഞ്ഞു. അതോടൊപ്പം ഇടുക്കിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെതിരെയും നടപടിയാരംഭിച്ചു കഴിഞ്ഞു.